ഞാന്‍ നിസ്സഹായന്‍; മിണ്ടാതിരിക്കലാണ് നല്ലതെന്ന് തോന്നുന്നു-കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ പ്രതികരണവുമായി ചിദംബരം

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. കോണ്‍ഗ്രസിന് ഒരു മുഴുവന്‍ സമയ പ്രസിഡന്റില്ലാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.

Update: 2022-08-30 10:03 GMT

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ പി.ചിദംബരം. പാര്‍ട്ടിയില്‍ ഇനിയും അര്‍ഥവത്തായ ചര്‍ച്ചകള്‍ തുടങ്ങാനാവാത്തതില്‍ താന്‍ നിസ്സഹായനാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പാര്‍ട്ടി വേദികളില്‍ നമുക്ക് ഇനിയും അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ തുടങ്ങാനാവാത്തതില്‍ ഞാന്‍ നിസ്സഹായനാണ്. എന്റെ സഹപ്രവര്‍ത്തകനായ എം.പിയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്ന ചിത്രങ്ങള്‍ കാണുമ്പോഴും വേദനയും നിസ്സഹായതയും തോന്നുന്നു. ഈ അവസരത്തില്‍ മിണ്ടാതിരിക്കലാണ് നല്ലതെ്ന്നാണ് തോന്നുന്നത്-ചിദംബരം ട്വീറ്റ് ചെയ്തു.

Advertising
Advertising



പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. കോണ്‍ഗ്രസിന് ഒരു മുഴുവന്‍ സമയ പ്രസിഡന്റില്ലാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം. തീരുമാനമെടുക്കുന്നത് ആരെന്ന് അറിയില്ല, നേതൃത്വം സ്വന്തക്കാരായി കരുതിയവരെല്ലാം പാര്‍ട്ടി വിട്ടുപോവുകയാണ്. നേതൃത്വം ശത്രുക്കളായി കരുതിയവരാണ് ഇപ്പോഴും പാര്‍ട്ടിയില്‍ നില്‍ക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ഇന്നലെ രാത്രി പ്രതിഷേധവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കപില്‍ സിബലിന്റെ വീടിന് മുന്നിലെത്തിയത്. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസിന്റെ പേരിലായിരുന്നു പ്രതിഷേധം. പാര്‍ട്ടിയുടെ നല്ലകാലത്ത് എല്ലാ ആനുകൂല്യങ്ങളും പറ്റിയ കപില്‍ സിബല്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News