'ആർഎസ്എസുമായി സഖ്യമുണ്ടാക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യും'; സിപിഎം-ആര്‍എസ്എസ് ബാന്ധവത്തെക്കുറിച്ച് സുന്ദരയ്യ രാജിക്കത്തിൽ പറഞ്ഞത്

അടിയന്തരാവസ്ഥയെ എതിർക്കാനെന്ന പേരിൽ 1975ൽ ഭാരതീയ ജനസംഘവുമായി സഖ്യമുണ്ടാക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ പിബി , കേന്ദ്ര കമ്മറ്റി അംഗത്വങ്ങൾ രാജിവെച്ചത്

Update: 2025-06-18 08:28 GMT
Editor : Jaisy Thomas | By : Web Desk

അടിയന്തരാവസ്ഥക്കാലത്ത് ഇടതുപക്ഷം ആര്‍എസ്എസുമായി സഹകരിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പരാമര്‍ശം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ''അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു.അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്‍റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു'' എന്നായിരുന്നു ഗോവിന്ദന്‍റെ പ്രസ്താവന.

സംഭവം വിവാദമായപ്പോൾ ഒരു ഘട്ടത്തിലും സിപിഎം ആര്‍എസ്എസുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയില്ലെന്ന വാദവുമായി ഗോവിന്ദൻ രംഗത്തെത്തുകയും ചെയ്തു. ഗോവിന്ദന്‍റെ മലക്കംമറിച്ചിലിനിടെ സിപിഎമ്മിന്‍റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന പി.സുന്ദരയ്യ ജനറല്‍ സെക്രട്ടറി സ്ഥാനവും പൊളിറ്റ് ബ്യൂറോ അംഗത്വവും രാജി വയ്ക്കാനിടയാക്കിയ സാഹചര്യമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. അടിയന്തരാവസ്ഥയെ എതിർക്കാനെന്ന പേരിൽ 1975ൽ ഭാരതീയ ജനസംഘവുമായി സഖ്യമുണ്ടാക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ പിബി , കേന്ദ്ര കമ്മറ്റി അംഗത്വങ്ങൾ രാജിവെച്ചത്.

Advertising
Advertising

ആർഎസ്എസുമായി ചേർന്ന് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ടി രണദിവെ , ഇഎംഎസ്, തുടങ്ങിയ നേതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സുന്ദരയ്യയുടെ രാജി. 1951ലെ അടവു നയരേഖ ചര്‍ച്ച ചെയ്ത് കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ വൈകിക്കുന്നതടക്കം മറ്റു വിഷയങ്ങളും അദ്ദേഹത്തിന്‍റെ രാജിക്ക് കാരണമായിരുന്നു. 102 പേജ് വരുന്ന രാജിക്കത്ത് അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷം 1991 ൽ 'My Resignation' എന്ന പേരിൽ ന്യൂഡല്‍ഹിയിലെ ഇന്ത്യ പബ്ലിഷേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണ് കത്ത് പ്രസിദ്ധീകരിച്ചത്.

''സാമ്രാജ്യത്വ വിധേയത്വമുള്ള അർധ സൈനിക ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനയായ ആർഎസ്എസുമായി അടിയന്തരാവസ്ഥയെ എതിർക്കുന്നു എന്നതിന്‍റെ പേരിൽ സഖ്യമുണ്ടാക്കുന്നത് നമ്മുടെ പാർട്ടിക്ക് ദോഷം ചെയ്യും. അതിലുപരി ഈ സഖ്യം രാജ്യത്തിനകത്തും പുറത്തുമുള്ള ജനാധിപത്യ വിശ്വാസങ്ങൾക്ക് അപകടം വരുത്തുമെന്ന് ഞാൻ ഭയപ്പെടുന്നു'' കത്തിൽ ചൂണ്ടിക്കാട്ടുന്നു. സിപിഎം – ആർഎസ്എസ് ബാന്ധവത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് 1975 സെപ്റ്റംബർ 28ന് അയച്ച കത്ത് ആരംഭിക്കുന്നത് .

ഏതെങ്കിലും പ്രത്യേക സംസ്ഥാനങ്ങളോട് താല്‍പര്യമില്ലാതെ, കേന്ദ്ര നേതൃത്വത്തിന്‍റെ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും രാഷ്ട്രീയവും സംഘടനാപരവുമായ വിഷയങ്ങളില്‍ കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു പൊളിറ്റ് ബ്യൂറോയാണ് ആവശ്യമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.''. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ അടവുനയം പാര്‍ട്ടിക്ക് വളരെയധികം ദോഷം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ രാജി പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളില്‍ നിന്ന് രഹസ്യമാക്കി വയ്ക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ നിന്ന് പിബി അഭിപ്രായം തേടുന്നുണ്ട്. തീരുമാനം എന്തായാലും അത് എല്ലാ പാര്‍ട്ടി ഘടകങ്ങളെയും അറിയിക്കണം'' എന്നും സുന്ദരയ്യയുടെ രാജിക്കത്തിൽ പറയുന്നു.

ജനസംഘത്തെക്കുറിച്ച് നേരത്തേ പാർട്ടി എടുത്തിട്ടുള്ള നിലപാട് അതൊരു ഹിന്ദു റിവൈവലിസ്റ്റ് കക്ഷിയാണെന്നും ആർഎസ്എസ് നിയന്ത്രിക്കുന്ന സംഘടനയാണെന്നും അക്രണാത്മകമായ രീതിയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെന്നും തൊഴിലാളി വിരുദ്ധമാണെന്നും സുന്ദരയ്യ ചൂണ്ടിക്കാട്ടുന്നു. 

1976 ലാണ് സുന്ദരയ്യയുടെ രാജി കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. അന്നു മുതല്‍ ഇഎംഎസ് ആയിരുന്നു ആക്ടിംഗ് സെക്രട്ടറി. അടിയന്തരാവസ്ഥ കഴിഞ്ഞ് 1978 ല്‍ ചേര്‍ന്ന പത്താം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി ഇഎംഎസിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News