പാലൻപൂർ: രാസവസ്തുക്കൾ കലര്‍ത്തിയ പാലും മോരും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തുവന്നിരുന്ന ഗുജറാത്തിലെ ഫാക്ടറി പൂട്ടിച്ച് പൊലീസ്. കഴിഞ്ഞ അഞ്ച് വർഷമായി പ്രാന്തിജ് താലൂക്കിലെ സലാൽ ഗ്രാമത്തിനടുത്തുള്ള ഫാക്ടറിയിലാണ് ഡിറ്റർജന്റ് പൗഡർ, യൂറിയ വളം, കോസ്റ്റിക് സോഡ, മറ്റ് അപകടകരമായ രാസവസ്തുക്കൾ എന്നിവ കലർത്തി പാലും മോരും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തുവന്നത്.
ശ്രീ സത്യ ഡയറി പ്രോഡക്‌ട്‌സ് എന്ന യൂണിറ്റാണ് സബർകാന്ത ലോക്കൽ ക്രൈം ബ്രാഞ്ച് (എൽസിബി) അടച്ചുപൂട്ടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സബർകാന്തയിലെയും മെഹ്സാന ജില്ലയിലെയും നൂറുകണക്കിന് പേര്‍ വര്‍ഷങ്ങളായി ഈ പാലും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ച് വരികയാണെന്നും പൊലീസ് പറയുന്നു. വെള്ളം, പാൽപ്പൊടി, കാസ്റ്റിക് സോഡ, പാമോലിൻ ഓയിൽ, സോയാബീൻ ഓയിൽ, ഡിറ്റർജന്റ് പൗഡർ, യൂറിയ എന്നിവ ചേർത്താണ് പാൽ തയ്യാറാക്കിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 300 ലിറ്റർ യഥാർഥ പാൽ ഉപയോഗിച്ച്, വിവിധ രാസവസ്തുക്കൾ കലർത്തി പ്രതി പ്രതിദിനം 1,700 മുതൽ 1,800 ലിറ്റർ വരെ പാലാണ് ഫാക്ടറിയില്‍ ഉത്പാദിപ്പിച്ചിരുന്നത്. പാൽ പായ്ക്ക് ചെയ്ത് ഗ്രാമങ്ങളിലേക്ക് വിതരണം ചെയ്യുകയായിരുന്നു.
450 കിലോ വേ പൗഡർ, 625 കിലോ സ്കിംഡ് മിൽക്ക് പൗഡർ, 300 കിലോ പ്രീമിയം എസ്എംപി പൗഡർ, യൂറിയ വളം, കാസ്റ്റിക് സോഡ, ഡിറ്റർജന്റ് പൗഡർ, സോയാബീൻ ഓയിൽ, പാമോലിൻ ഓയിൽ എന്നിവയുൾപ്പെടെയുള്ള മായം ചേർക്കാന്‍ ഉപയോഗിച്ച വസ്തുക്കളും വിതരണത്തിനായുള്ള 1,962 ലിറ്റർ മായം ചേർത്ത പാലും 1,180 ലിറ്റർ മായം ചേർത്ത മോരും പൊലീസ് പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം എൽസിബി, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ), ഭക്ഷ്യ-മരുന്ന് വകുപ്പ് എന്നിവയുടെ സംയുക്ത സംഘം ഫാക്ടറിയില്‍ റെയ്ഡ് നടത്തിയത്. മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് പുറമെ പാൽ ഉൽപ്പാദിപ്പിക്കുന്നതിനും പാക്കേജിംഗിനും ഉപയോഗിക്കുന്ന ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ഫാക്ടറി ഉടൻ തന്നെ സീൽ ചെയ്തു.
പ്ലാന്റ് ഓപ്പറേറ്റർ ജിതേന്ദ്ര പട്ടേൽ, ജീവനക്കാരായ സച്ചിൻ മക്വാന, കരൺ പർമർ, അജയ്സിങ് പർമർ എന്നീ നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു, പ്രായപൂർത്തിയാകാത്ത ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. ഫാക്ടറി ഉടമയായ രാകേഷ് എന്ന ധമോ പട്ടേൽ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
രാസവസ്തുക്കള്‍ കലര്‍ത്തിയ പാൽ ദീർഘകാലം കഴിക്കുന്നത് വൃക്ക-കരൾ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.