പഹൽഗാം ഭീകരാക്രമണം: സൗജന്യ റീഷെഡ്യൂളിങ്ങും റീഫണ്ടുമൊരുക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ഈ അവസരം ഉപയോ​ഗപ്പെടുത്താം

Update: 2025-04-23 14:38 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

യാത്രക്കാർക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എഐ അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222/ 080 6766 2222 എന്ന നമ്പറിൽ വിളിച്ചോ ബുക്കിങ്ങുകൾ അനായാസം ക്രമീകരിക്കാം. പഹൽഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തിൽ തങ്ങളുടെ അതിഥികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Advertising
Advertising

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കശ്മീരിലെ പഹൽഗാമിനടുത്തുള്ള ബൈസരനിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 26 പേർക്കാണ് ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ്. രണ്ട് വിദേശികളും ഒരു മലയാളിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരമാണ്. അനന്തനാഗ് ആശുപത്രിയിലാണ് പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്നത്. ഭീകരാക്രമണത്തിൽ പങ്കെടുത്തെന്ന് കരുതുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തിലെ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു.

ആസിഫ് ഫൗജി,സുലൈമാൻ ഷാ,അബു തൽഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കൂടുതല്‍ പേരുടെ രേഖാചിത്രങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അധികൃതര്‍ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർക്കായുള്ള അരിച്ചുപെറുക്കിയുള്ള തെരച്ചിലാണ് പ്രദേശത്ത് നടക്കുന്നത്. സേനയും പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. കേസ് അന്വേഷിക്കുന്ന എൻ ഐ എ സംഘവും പഹൽഗാമിലെത്തി. പ്രദേശത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്.  

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News