ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക്; നടപടികൾ പ്രഖ്യാപിച്ച് പാകിസ്താൻ

ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പാകിസ്താൻ റദ്ദാക്കി

Update: 2025-04-24 14:07 GMT
Editor : Jaisy Thomas | By : Web Desk

ഇസ്‍ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അനുവദിക്കില്ലെന്ന് പാകിസ്താൻ. വാഗാ അതിർത്തി അടക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാർ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തി വയ്ക്കാനും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിൽ തീരുമാനിച്ചു. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പാകിസ്താൻ റദ്ദാക്കി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി കുറച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്താൻ അറിയിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

അതേസമയം പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. നിലവിൽ പാകിസ്താനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തണം. പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകും .മെഡിക്കൽ വിസയിൽ ഉള്ള പാക് പൗരന്മാർക്ക് ഏപ്രിൽ 29 വരെ ഇന്ത്യയിൽ തുടരാം.

പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ സുരക്ഷ പിൻവലിച്ചു. പുറത്തുവച്ചിരുന്ന പൊലീസ് ബാരിക്കേഡുകളും നീക്കം ചെയ്തു. പിന്നാലെ, എക്സ് അക്കൗണ്ട് മരവിപ്പിച്ചു. പാകിസ്താന്‍റെ ഔദ്യോഗിക എക്സ് ഇനി മുതൽ ഇന്ത്യയിൽ ലഭിക്കില്ല. പാകിസ്താൻ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ അർധരാത്രി വിളിച്ചുവരുത്തി ഇന്ത്യയുടെ നിർദേശങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് പാകിസ്താന്‍റെ ഉന്നത നയതന്ത്രജ്ഞൻ സാദ് അഹമ്മദിനെ വിളിച്ചുവരുത്തിയത്.

പാകിസ്താൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. സാർക്ക്‌ വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാക് ഹൈക്കമ്മീഷനിൽ നിന്നുള്ള സൈനിക അറ്റാഷെമാർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാകിസ്താനിലെ ഇന്ത്യൻ ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55 നിന്ന് 30 ആയി കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. 1960-ലെ സിന്ധു നദീജല കരാർ റദ്ദാക്കിയതാണ് ഏറ്റവും ശക്തമായ നടപടി. ഇന്ത്യയുടെ തീരുമാനം പാകിസ്താന്‍റെ കിഴക്കന്‍ മേഖലയെ പൂര്‍ണമായും വരള്‍ച്ചയിലേക്ക് തള്ളി വിടും. സാമ്പത്തിക വെല്ലുവിളികളില്‍ നട്ടം തിരിയുന്ന പാകിസ്താനെ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ പൂര്‍ണമായും തകര്‍ക്കുമെന്നതില്‍ സംശയമില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News