'ചരിത്രത്തില്‍ വേരൂന്നിയ ബന്ധം'; ഫലസ്തീന് പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രി മോദി

നേരിട്ടുള്ള ചർച്ചകളിലൂടെ ഫലസ്തീൻ-ഇസ്രായേൽ പ്രശ്‌നപരിഹാരത്തിനു നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മോദി

Update: 2022-11-30 11:05 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഫലസ്തീനുള്ള ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലസ്തീൻ-ഇസ്രായേൽ പ്രശ്‌നപരിഹാരത്തിന് നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. അന്താരാഷ്ട്ര ഫലസ്തീൻ ഐക്യദാർഢ്യദിനത്തിന്റെ ഭാഗമായാണ് പ്രത്യേക സന്ദേശത്തിലൂടെ പ്രധാനമന്ത്രി പിന്തുണ ആവർത്തിച്ചത്.

ഫലസ്തീനിലെ സുഹൃദ് ജനതയുമായുള്ള ഇന്ത്യയുടെ ബന്ധം നമ്മുടെ പൊതുചരിത്രത്തിൽ വേരൂന്നിയതാണ്. സ്വയംപര്യപ്തതയോടെയും ആത്മാഭിമാനത്തോടെയും സാമൂഹിക-സാമ്പത്തിക വികസനം യാഥാർത്ഥ്യമാക്കാൻ ഫലസ്തീനികളെ നമ്മൾ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ഫലസ്തീൻ വിഷയങ്ങളിൽ ഇന്ത്യ തുടരുന്ന ഉറച്ച പിന്തുണ ആവർത്തിക്കുകയാണെന്നും മോദി പ്രത്യേക സന്ദേശത്തിൽ പറഞ്ഞു.

ഫലസ്തീനും ഇസ്രായേലിനും ഇടയിൽ നേരിട്ടുള്ള ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. പ്രശ്‌നങ്ങൾക്ക് സമഗ്രവും ചർച്ചയിലൂടെയുമുള്ള പരിഹാരം കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീൻ അഭയാർത്ഥികളുടെ ആരോഗ്യ, വിദ്യാഭ്യാസ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിക്ക് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര സർക്കാർ 20 കോടി രൂപ നൽകിയിരുന്നു. ഫലസ്തീന് നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ച 50 കോടിയുടെ ഭാഗമായായിരുന്നു ഇത്. 2018നുശേഷം യു.എൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് ഇൻ ദി നിയർ ഈസ്റ്റിന്(യു.എൻ.ആർ.ഡബ്ല്യു.എ) ഇന്ത്യ 180 കോടി രൂപ നൽകിയതായാണ് കണക്ക്.

Summary: On the occasion of the International Day of Solidarity with the people of Palestine, Prime Minister Narendra Modi reaffirmed India's "unwavering support" to the Palestinian cause

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News