എൻ.ഡി.എ സഖ്യം വിജയിപ്പിക്കുമെന്ന് പ്രതീക്ഷ; ആന്ധ്ര തെരഞ്ഞെടുപ്പിൽ പവൻ കല്യാൺ പിഠാപുരത്ത് സ്ഥാനാർഥി

2019ൽ പവൻ മത്സരിച്ച രണ്ട് സീറ്റിലും തോറ്റിരുന്നു

Update: 2024-03-14 12:48 GMT

ഹൈദരാബാദ്: വരുന്ന ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പിൽ താൻ പിഠാപുരത്ത് മത്സരിക്കുമെന്ന് ജനസേന പാർട്ടി പ്രസിഡൻറും നടനുമായ പവൻ കല്യാൺ. വ്യാഴാഴ്ച നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജനസേന പാർട്ടിയും ബിജെപിയും ചന്ദ്രശേഖർ നായിഡുവിന്റെ ടിഡിപിയും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പിലും യോജിച്ച് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് പവൻ കല്യാൺ തന്റെ മണ്ഡലം പ്രഖ്യാപിച്ചത്.

Advertising
Advertising

ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയും പവൻ കല്യാണിന്റെ ജനസേന പാർട്ടിയും എൻ.ഡി.എയിൽ ചേരാൻ തീരുമാനിച്ചതായി ബി.ജെ.പി അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആന്ധ്ര പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നും വ്യക്തമാക്കി. ആന്ധ്രയിൽ ആറ് ലോക്‌സഭാ സീറ്റുകളിലും പത്ത് നിയമസഭാ സീറ്റുകളിലുമാണ് ബിജെപി മത്സരിക്കുന്നത്. ടിഡിപി 17 ലോക്‌സഭാ സീറ്റുകളിലും 144 നിയമസഭാ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തും. പവൻ കല്യാണിന്റെ ജനസേന രണ്ട് ലോക്‌സഭാ സീറ്റിലും 21 നിയമസഭാ സീറ്റിലും പോരിനിറങ്ങും. യോഗത്തിന് ശേഷം സീറ്റുകളുടെ എണ്ണം ചന്ദ്രബാബു നായിഡു സ്ഥിരീകരിച്ചിരുന്നു.

2014ലാണ് പവൻ കല്യാൺ ജനസേന പാർട്ടി രൂപീകരിച്ചത്. എന്നാൽ ആ വർഷം ജനസേന തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. പകരം ടിഡിപി -ബിജെപി സഖ്യത്തെ പിന്തുണച്ചു. 2019ൽ സ്വന്തം നിലയിൽ മത്സരിച്ച പാർട്ടി ഒരു നിയമസഭാ സീറ്റ് മാത്രമാണ് നേടിയത്. വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ പവൻ മത്സരിച്ച രണ്ട് സീറ്റിലും തോറ്റു. ഭീമാവരം, ഗാജുവാക എന്നീ മണ്ഡലങ്ങളിലാണ് അദ്ദേഹം തോറ്റത്. വൈഎസ്ആർ കോൺഗ്രസിന്റെ ഡോറബാബുവാണ് പവൻ മത്സരിക്കുന്ന പിഠാപുരത്തെ എംഎൽഎ. എൻഡിഎ സഖ്യത്തിന്റെ പിന്തുണയിൽ ജയിക്കാമെന്നാണ് പവന്റെ കണക്കുകൂട്ടൽ. 2018ൽ പിരിഞ്ഞ ടി.ഡി.പിയും ബി.ജെ.പിയും ഇപ്പോൾ വീണ്ടും സഖ്യത്തിലായിരിക്കുകയാണ്. ഒപ്പം ജനസേന പാർട്ടിയും. ആന്ധ്രപ്രദേശിന് കേന്ദ്രം പ്രത്യേക പദവി അനുവദിച്ചില്ല എന്ന കാരണത്താലായിരുന്നു ടി.ഡി.പി സഖ്യം വിട്ടിരുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News