'മെഡല്‍ നേടുമ്പോള്‍ മാത്രം ഞങ്ങള്‍ ഇന്ത്യക്കാര്‍, അല്ലാത്തപ്പോള്‍ ചൈനീസ്, കൊറോണ'.. അങ്കിത കോൺവാർ

ഇന്ത്യയില്‍ ജാതീയത മാത്രമല്ല ഉള്ളത്, വംശീയതയുമുണ്ടെന്ന് അങ്കിത

Update: 2021-07-29 12:22 GMT

ഒളിംപിക്സില്‍ മെ‍ഡല്‍ നേടുമ്പോള്‍ മാത്രമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഇന്ത്യക്കാരായി അംഗീകരിക്കുന്നതെന്ന് ഫിറ്റ്‌നെസ് വിദഗ്ധയും നടന്‍ മിലിന്ദ് സോമന്‍റെ ഭാര്യയുമായ അങ്കിത കോൺവാർ. സമൂഹത്തിലെ ചിലര്‍ എത്രമാത്രം വംശീയമായാണ് ചിന്തിക്കുന്നതെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും അങ്കിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അസം സ്വദേശിനിയാണ് അങ്കിത.

"നിങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍, രാജ്യത്തിനായി മെഡൽ നേടുമ്പോൾ മാത്രം ഇന്ത്യക്കാരാകും. അല്ലാത്തപക്ഷം ഞങ്ങള്‍ 'ചിങ്കി', 'ചൈനീസ്', 'നേപ്പാളി' ഒക്കെയാണ്. ഇപ്പോള്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടിയുണ്ട്- 'കൊറോണ'. ഇന്ത്യയില്‍ ജാതീയത മാത്രമല്ല ഉള്ളത്, വംശീയതയുമുണ്ട്. എന്റെ അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നത്. ടോക്കിയോ ഒളിംപിക്സില്‍ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി മെഡൽ നേടിയതിന് തൊട്ടുപിന്നാലെയാണ് അങ്കിതയുടെ പ്രതികരണം.

Advertising
Advertising

തനിക്കുണ്ടായ കയ്പേറിയ അനുഭവങ്ങള്‍ അങ്കിത ട്വിറ്ററിലും പങ്കുവെച്ചു- ഞങ്ങളെ ചിങ്കി, ചൈനീസ് എന്നെല്ലാം വിളിക്കുന്നവര്‍ ഇപ്പോള്‍ വന്ന് അഭിമാനിക്കുന്നു എന്ന് പറയുകയാണ്. ബംഗളൂരു, മുംബൈ, ചെന്നൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്. ഞാനിതിലൂടെയൊക്കെ കടന്നുപോയിട്ടുണ്ട്. വിമാനത്താവളത്തില്‍ വെച്ചൊക്കെ പാസ്പോര്‍ട്ട് കാണിച്ചിട്ടുപോലും ഞാന്‍ ഇന്ത്യക്കാരിയാണെന്ന് പറഞ്ഞിട്ട് വിശ്വസിക്കാത്തവരുണ്ട്. വാടക വീട് അന്വേഷിച്ചു ചെല്ലുമ്പോള്‍ നോര്‍ത്ത് ഈസ്റ്റില്‍ നിന്നാണല്ലേ, മയക്കുമരുന്നിന് അടിമയായിരിക്കും അല്ലെങ്കില്‍ കൂടുതലായി പാര്‍ട്ടി നടത്തുന്നവരായിരിക്കും അതിനാല്‍ വീട് തരാനാവില്ല എന്ന് കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.

ചാനുവിന് ഊഷ്മള സ്വീകരണം

വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലെ വെള്ളി മെഡലോടെയാണ് മീരാഭായി ചാനു ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പട്ടിക തുറന്നത്. ഇന്ത്യയില്‍ തിരിച്ചെത്തിയ മീരാഭായിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂർ മീരാഭായിയെ ആദരിച്ചു. ശേഷം മീരാഭായി ഇംഫാലിലെത്തി. ഒളിംപ്യനെ അഭിനന്ദിക്കാന്‍ ആയിരക്കണക്കിന് പേര്‍ ഇംഫാലില്‍ ഒത്തുചേര്‍ന്നു. ചാനുവിനെ സ്വാഗതം ചെയ്യാന്‍ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങും ഇംഫാൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. മണിപ്പൂർ സർക്കാർ തിങ്കളാഴ്ച ചാനുവിനെ പോലീസ് വകുപ്പിൽ അഡീഷണൽ പോലീസ് സൂപ്രണ്ടായി (സ്പോർട്സ്) നിയമിക്കാൻ തീരുമാനിച്ചു. മണിപ്പൂര്‍ സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News