ഡൽഹിയിൽ ബിജെപി ചേരിയാത്രയുടെ പോസ്റ്ററിൽ പെരുമാൾ മുരുകൻ; ഫോട്ടോഷോപ്പിൽ അബദ്ധമെന്ന് വിമർശനം

ഡൽഹിയിൽ ചേരിപ്രദേശത്തുകാരെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന യാത്രയുടെ പരസ്യ ബാനറുകളിലാണ് പെരുമാൾ മുരുകന്റെ ചിത്രവുമുള്ളത്

Update: 2021-11-29 14:43 GMT
Editor : Shaheer | By : Web Desk
Advertising

ഹിന്ദുത്വ ഭീഷണിയെത്തുടർന്ന് എഴുത്ത് നിർത്തിയ പെരുമാൾ മുരുകൻ ബിജെപി കാംപയിനിന്റെ പരസ്യബാനറിൽ. ഡൽഹി ബിജെപിയുടെ കീഴിൽ നടക്കുന്ന പരിപാടിയുടെ പോസ്റ്ററുകളിലും ബാനറുകളിലുമാണ് ഹിന്ദുത്വവേട്ടയ്ക്കിരയായ തമിഴ് നോവലിസ്റ്റ് ഇടംപിടിച്ചത്.

ചേരിപ്രദേശത്തുകാരെ ലക്ഷ്യമിട്ട് നടത്തുന്ന 'ജുഗ്ഗി സമ്മാൻ യാത്ര'യുടെ പരസ്യ ബാനറുകളിലാണ് പെരുമാൾ മുരുകന്റെ ചിത്രവുമുള്ളത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചേരിപ്രദേശങ്ങളിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിജെപി കഴിഞ്ഞയാഴ്ച ചേരി അഭിമാന യാത്ര ആരംഭിച്ചത്.

ഒക്ടോബർ 15ന് വിജയദശമി ദിനത്തിലാണ് ബിജെപി യാത്രയ്ക്ക് തുടക്കമിട്ടത്. മോദി സർക്കാരിന്റെ വിവിധ സാമൂഹികക്ഷേമ പദ്ധതികളെക്കുറിച്ച് ചേരിപ്രദേശത്തുകാർക്കിടയിൽ അവബോധമുണ്ടാക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ ഭരണപരാജയത്തെക്കുറിച്ചും പ്രചാരണം നടക്കുന്നുണ്ട്. കൂടുതൽ ചേരിനിവാസികളുള്ള 32 നിയമസഭാ മണ്ഡലങ്ങൾ ലക്ഷ്യമിട്ടാണ് ബിജെപി ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്തയുടെ നേതൃത്വത്തിൽ കാംപയിൻ നടക്കുന്നത്.

അതേസമയം, വിവിധ ഹിന്ദുത്വ സംഘടനകളുടെ കടുത്ത എതിർപ്പ് ഏറ്റുവാങ്ങേണ്ടിവന്ന പെരുമാൾ മുരുകൻ ബിജെപി പോസ്റ്ററുകളിൽ ഇടംപിടിച്ചത് ട്വിറ്ററിലടക്കം സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപി നേതാക്കളുടെ ചിത്രങ്ങളുള്ള ബാനറിൽ ചേരിപ്രദേശത്തുകാർക്കൊപ്പം മറ്റൊരു ഭാഗത്തായാണ് അദ്ദേഹത്തിന്റെ ചിത്രം ചേർത്തിരിക്കുന്നത്. ചേരിപ്രദേശത്തുകാരായ രണ്ടു സ്ത്രീകൾക്കും മൂന്നു കുട്ടികൾക്കുമൊപ്പമാണ് പുരുഷനായി പെരുമാൾ മുരുകനുള്ളത്. ബാനറും പോസ്റ്ററും ഡിസൈൻ ചെയ്തവർക്ക് പറ്റിയ അബദ്ധമാണിതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, പരസ്യമായി തെരുവുകളിൽ സ്ഥാപിക്കപ്പെട്ടിട്ടും ബിജെപി നേതാക്കന്മാർക്കൊന്നും ഇത് തിരിച്ചറിയാനായിട്ടില്ലെന്നതും കൗതുകമുണർത്തുന്നു.

ഉത്തർപ്രദേശിലെ നോയിഡയിൽ ദിവസങ്ങൾക്കുമുൻപ് നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശിലാസ്ഥാപനം നിർവഹിച്ച രാജ്യാന്തര വിമാനത്താവളത്തിന്റെ ചിത്രമെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ ബെയ്ജിങ് വിമാനത്താവളത്തിന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. മോദിയും യോഗിയും ചേർന്ന് ഉദ്ഘാടനം ചെയ്ത യുപിയിലെ തന്നെ ജലസേചന പദ്ധതിയെന്നു പറഞ്ഞ് ആന്ധ്രപ്രദേശിലെ അണക്കെട്ടിന്റെ ചിത്രവും ബിജെപി എംഎൽഎമാരടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Summary: Perumal Murugan, who stopped writing due to Hindutva threats, featured in the advertisement banner of the Delhi BJP's slum campaign, 'Juggi Samman Yatra'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News