വിവാഹവേദിയിൽവെച്ച് ഫോട്ടോ​ഗ്രാഫർമാർ ഭക്ഷണം കഴിച്ചാൽ ഒന്നരലക്ഷം ചെലവാകുമെന്ന് വധു; പ്രതിഷേധമറിയിച്ച ഫോട്ടോ​ഗ്രാഫർമാർക്ക് ​വൺ സ്റ്റാർ റേറ്റിങ്ങിട്ട് പ്രതികാരം

അടുത്തിടെ ഒരു എൻആർഐ വധുവിന്‍റെ വിവാഹഷൂട്ടുമായി നിലനിന്ന തർക്കമാണ് സോഷ്യൽ മീഡിയ വഴിയുള്ള പരസ്യപ്രതികരണങ്ങളിലേക്ക് നയിച്ചത്

Update: 2025-08-25 09:35 GMT

ഡൽഹി: ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫോട്ടോ​ഗ്രാഫി കമ്പനി മേധാവി റിച്ച ഒബ്റോയ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. അടുത്തിടെ ഒരു എൻആർഐ വധുവിന്‍റെ വിവാഹഷൂട്ടുമായി നിലനിന്ന തർക്കമാണ് സോഷ്യൽ മീഡിയ വഴിയുള്ള പരസ്യപ്രതികരണങ്ങളിലേക്ക് നയിച്ചത്.

ഫൈവ് സ്റ്റാർ ഹോട്ടലിൽവെച്ച് നടക്കുന്ന വിവാഹത്തിൽ ഫോട്ടോ​ഗ്രാഫർമാരുടെ സംഘത്തിന് ഭക്ഷണം നൽകണമെന്ന് റിച്ച ഒബ്റോയിയുടെ ടീം വധുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എട്ടോളം പേർക്ക് ഭക്ഷണം നൽകാൻ ഒന്നരലക്ഷത്തോളം തുകയാകുമെന്ന് ചൂണ്ടിക്കാട്ടി വധു ഈ ആവശ്യം നിരസിച്ചു. തുടർന്ന് അവർ തന്നെ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ഒരുമണിക്കൂർ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും വധു ആദ്യം അം​ഗീകരിച്ചില്ല. തുടർന്ന് ഫോട്ടോ​ഗ്രാഫി ടീമിന് ​വധു ഗൂ​ഗിൾ റിവ്യൂസിൽ വൺ സ്റ്റാർ റേറ്റിങ് നൽകിയതോടെ ഈ സ്ക്രീൻഷോട്ട് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചുകൊണ്ട് റിച്ച ഒബ്റോയ് പ്രതികരണവുമായി രം​ഗത്തെത്തുകയായിരുന്നു.

Advertising
Advertising

2025ൽ വിവാഹങ്ങൾ വളരെ ചെലവേറിയതാണെന്നും അതിനാൽ വിവാഹത്തിനായി എത്തുന്ന ജോലിക്കാർ അവർ ജോലി ചെയ്യാനായി വരുന്നതെന്ന കാര്യം മറന്ന് അതിഥികളെപ്പോലെ വിവാഹം ആസ്വദിക്കാൻ വരുന്നവരാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ​ഗൂ​ഗിൾ റിവ്യൂവിൽ വധു എഴുതി. താനും പത്ത് വർഷമായി ജോലി ചെയ്യുന്ന ആളാണ്. ഒരിക്കൽ പോലും താൻ ജോലി ചെയ്യുന്ന സ്ഥാപനം ശമ്പളത്തിനൊപ്പം മതിയായ ഭക്ഷണസൗകര്യം ഒരുക്കി തരുമെന്ന് താൻ പ്രതീക്ഷിച്ചിട്ടില്ല. ദൽഹി പോലൊരു ന​ഗരത്തിൽ വൈകുന്നേരങ്ങളിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് 7,8 പേർക്ക് ഭക്ഷണം നൽകാൻ തന്നെ നല്ല ചെലവ് വരും. ഒരാൾക്ക് മാത്രം 6000 രൂപയോളം ചെലവുവരുമ്പോൾ ആകെ 1.5 ലക്ഷം രൂപയോളം വേണ്ടി വരും.

താൻ ഇക്കാര്യങ്ങൾ ഫോട്ടോ​ഗ്രാഫർമാരോട് പറഞ്ഞപ്പോൾ അവർ പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യാമെന്ന് സമ്മതിച്ചു. എന്നാൽ അവർ ഓരോ ടീം അം​ഗത്തിനും ഭക്ഷണം കഴിക്കാനായി ഒരു മണിക്കൂർ ഇടവേള വേണമെന്ന് പറഞ്ഞു. എന്നാൽ അതെനിക്ക് അം​ഗീകരിക്കാനായില്ല. അവർക്ക് എന്തുകൊണ്ട് പത്ത് മണിക്ക് മുമ്പ് പ്രഭാതഭക്ഷണവും വൈകുന്നേരം നാല് മണിക്ക് ശേഷം ഉച്ചഭക്ഷണവും കഴിച്ചുകൂടായെന്ന് വധു റിവ്യൂവിൽ കുറിച്ചു.

ഈ ​റിവ്യൂവിന് മറുപടിയായാണ് ഫോട്ടോ​ഗ്രഫി സർവീസ് മേധാവിയായ റിച്ച ഒബ്റോയി പ്രതികരിച്ചത്. വധുവിന്റെ പ്രതികരണം എത്തരത്തിലുള്ള ആളുകളുമായി ഇനി ജോലി ചെയ്യാൻ പാടില്ലെന്ന് തെളിയിച്ചെന്നായിരുന്നു അവർ പറഞ്ഞത്. പത്ത് വർഷത്തോളമായി തങ്ങളുടെ ഫോട്ടോ​ഗ്രഫി കമ്പനിയായ ഡബ്ല്യു.ഡിസിഎസ് വെഡ്ഡിങ് ഫോട്ടോ​ഗ്രാഫി രം​ഗത്തുണ്ട്. പലപ്പോഴും വിവാഹങ്ങളിൽ ഭാരമുള്ള ഉപകരണങ്ങളും താങ്ങി

12 മുതൽ 15 മണിക്കൂർ വരെ തുടർച്ചയായാണ് ഞങ്ങൾ വർക്ക് ചെയ്യുന്നത്. ഞങ്ങൾ പ്രതീക്ഷിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ് ഭക്ഷണം. ഭക്ഷണം കഴിക്കാൻ ഞങ്ങളോട് പുറത്തേക്ക് പോ‍കാൻ പറയുന്നത് ജോലിയെപ്പോലും തടസ്സപ്പെടുത്തുന്ന കാര്യമാണ്. ഒരിക്കലും അതിഥികളെപ്പോലെ ഞങ്ങളെ സത്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പകരം ഒരു തൊഴിലാളിയെപ്പോലെ കാണണമെന്നാണ് പറയുന്നത്.

ഒടുവിൽ തങ്ങൾ ഓർഡർ ചെയ്ത് ഭക്ഷണം കഴിക്കാമെന്ന് തീരുമാനിച്ചപ്പോൾ എപ്പോൾ കഴിക്കണമെന്നും കഴിക്കാതിരിക്കണമെന്നും എങ്ങനെയാണ് വധു തീരുമാനിക്കുകയെന്നും അവർ ചോദിച്ചു. പത്ത് മണിക്കൂർ തുടർച്ചയായി പണിയെടുത്ത ശേഷവും ഭക്ഷണം കഴിക്കാനായി വധുവിന്റെ അനുവാദത്തിനായി കാത്തിരിക്കേണ്ടി വരുന്നത് പ്രൊഫഷണലിസമല്ല മറിച്ച് നിയന്ത്രണമാണെന്നും കമ്പനി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

അതേസമയം വിഷയത്തിൽ വധുവിനെെയും കമ്പനിയെയും എതിർത്തും അനുകൂലിച്ചും നിരവധി പേർ രം​ഗത്തെത്തി. ഫോട്ടോ​ഗ്രാഫർമാർ എപ്പോൾ ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വധുവല്ലെന്ന് ഒരു വിഭാ​ഗം പ്രതികരിച്ചു. എന്നാൽ ഭക്ഷണം പോലുള്ള അനാവശ്യ ആവശ്യങ്ങൾ വിവാഹദിനത്തിൽ മുന്നോട്ടുവെക്കുന്നത് പ്രൊഫഷണലിസത്തിന് എതിരായ കാര്യമാണെന്ന് മറ്റൊരു വിഭാ​ഗവും പറയുന്നുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News