'12 കോടിയുടെ കാര്‍ കൈയ്യില്‍, ഇനി മോദി 'ഫക്കീര്‍' എന്ന് പറയരുത്'; ശിവസേന

12 കോടി വിലയുള്ള മെഴ്‌സിഡസ് ബെൻസ് മേബാക് എസ് 650 ഗാർഡ് എന്ന അതിസുരക്ഷാ വാഹനത്തിലേക്ക് തന്‍റെ യാത്രകൾ മാറ്റിയിരിക്കുകയാണ് മോദി

Update: 2022-01-02 15:57 GMT
Editor : ijas
Advertising

പന്ത്രണ്ട് കോടിയുടെ കാര്‍ കൈയ്യിലുള്ള മോദിക്ക് ഇനി താന്‍ ഫക്കീറാണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ലെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ 'റോഖ് തക്' എന്ന കോളത്തിലാണ് മോദിക്കെതിരെ സഞ്ജയ് റാവത്ത് ആഞ്ഞടിച്ചത്. ഇന്ത്യന്‍ നിര്‍മിത കാറുകള്‍ മാത്രം ഉപയോഗിച്ച മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും ജീവന് ഭീഷണിയുണ്ടായിട്ടും സുരക്ഷാ ചുമതലയുള്ളവരെ മാറ്റാന്‍ തയ്യാറാകാത്ത ഇന്ദിരാഗാന്ധിയെയും സഞ്ജയ് റാവത്ത് പ്രകീര്‍ത്തിച്ചു.

"പ്രധാനമന്ത്രി മോദി 12 കോടിയുടെ കാര്‍ സ്വന്തമാക്കിയതായി ഡിസംബർ 28 ന് മാധ്യമങ്ങള്‍ ചിത്രങ്ങളോടെ റിപ്പോർട്ട് ചെയ്തു. 'ഫക്കീർ', 'പ്രധാൻ സേവക്' എന്ന് സ്വയം വിളിക്കുന്ന ഒരാൾ വിദേശ നിർമ്മിത കാറാണ് ഉപയോഗിക്കുന്നത്," റാവത്ത് പരിഹസിച്ചു.

"പ്രധാനമന്ത്രിയുടെ സുരക്ഷയും സൗകര്യവുമാണ് പ്രധാനം, എന്നാൽ ഇനി മുതൽ പ്രധാൻ സേവക് അദ്ദേഹം ഒരു ഫക്കീർ (സന്യാസി) ആണെന്ന് ആവർത്തിക്കരുത്," റാവത്ത് പറഞ്ഞു.

ചെറു മിസൈലുകളെയും സ്‌ഫോടനത്തെയും ചെറുക്കുന്ന മെഴ്‌സിഡസ് ബെൻസ് മേബാക് എസ് 650 ഗാർഡ് എന്ന അതിസുരക്ഷാ വാഹനത്തിലേക്ക് തന്‍റെ യാത്രകൾ മാറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പന്ത്രണ്ടു കോടി രൂപയാണ് ഇതിനു വില കണക്കാക്കുന്നത്. റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിനെ സ്വീകരിക്കാൻ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലെത്തിയ വേളയിലാണ് മാധ്യമങ്ങൾ ഈ വാഹനം ശ്രദ്ധിക്കുന്നത്. റേഞ്ച് റോവർ, ലാൻഡ് ക്രൂയിസർ, ബിഎംഡബ്ല്യൂ 7 സീരീസ് എന്നിങ്ങനെ മോദിയുടെ ഇഷ്ടവാഹനങ്ങളുടെ ഗ്യാരേജിലേക്കാണ് മേബാക്കും കയറി വരുന്നത്.

അതെ സമയം പ്രധാനമന്ത്രി യാത്രക്ക് ഉപയോഗിച്ചിരുന്ന ജർമ്മൻ കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു വാഹനത്തിന്‍റെ ഉത്പാദനം നിർത്തിയതിനാലാണ് പുതിയ കാര്‍ സ്വന്തമാക്കിയതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News