'രാജ്യത്തിൻ്റെ പുരോഗതിയും പ്രതീക്ഷയും വിളിച്ചോതുന്ന ഉത്തരവ്'; സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

വിധി നിരാശാജനകമെന്ന് ഗുലാം നബി ആസാദും ഒമർ അബ്ദുല്ലയും

Update: 2023-12-11 08:32 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ജമ്മു കശ്മീർ സുപ്രിം കോടതി വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിൻ്റെ പുരോഗതിയും പ്രതീക്ഷയും വിളിച്ചോതുന്ന ഉത്തരവാണിതെന്നും പ്രധാനമന്ത്രി സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. പാർലമെന്റ് നടപടിയെ കോടതി ശരിവെച്ചിരിക്കുകയാണ്. കൂടുതല്‍ ശക്തമായ ഇന്ത്യ നിർമ്മിക്കാന്‍ പ്രതീക്ഷ നല്‍കുന്ന വിധിയാണെന്നും മോദി  പറഞ്ഞു.

'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഇന്നത്തെ സുപ്രിംകോടതി വിധി ചരിത്രപരവും 2019 ആഗസ്റ്റ് അഞ്ചിന് ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്ത തീരുമാനത്തെ ഭരണഘടനാപരമായി ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ  സഹോദരി സഹോദരന്മാര്‍ക്ക് ഇത് പുരോഗതിയും ഐക്യവും പ്രതീക്ഷയും വിളിച്ചോതുന്ന ഉത്തരവാണ്.  ഈ വിധിയിലൂടെ ഇന്ത്യക്കാരെന്ന നിലയില്‍ ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കുന്നതുമായ ഐക്യത്തിന്റെ സത്തയെ ഉറപ്പിച്ചിരിക്കുന്നു.. മോദി എക്സില്‍ കുറിച്ചു.

അതേസമയം, സുപ്രിംകോടതി വിധി നിരാശാജനകമെന്ന് ഗുലാം നബി ആസാദും ഒമർ അബ്ദുല്ലയും പ്രതികരിച്ചു.

ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രിം കോടതി ശരി വെച്ചു. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താത്കാലികമാണെന്നും മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പരമാധികാരം കശ്മീനില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി. അടുത്ത സെപ്തംബർ മുപ്പതിന് മുൻപായി ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ഉത്തരവിട്ടു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണ ഘടനയിലെ 370 മത് അനുച്ഛേദം താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി വ്യക്തമാക്കി . ജമ്മു-കശ്മീരിന്റെ നിയമസഭ പിരിച്ചു വിട്ടതിൽ ഇടപെടുന്നില്ല. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഭരണഘടനാഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച 23 ഹരജികൾ പരിഗണിച്ച ശേഷമായിരുന്നു സുപ്രിം കോടതിയുടെ വിധി പ്രസ്താവം. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കിയത് കോടതി അംഗീകരിച്ചു . എന്നാൽ ജമ്മു കാശ്മീരിനു പൂർണ സംസ്ഥാന പദവി നൽകുമെന്ന് കേന്ദ്ര സർക്കാർ വാദത്തിനിടയിൽ വ്യക്തമാക്കിയിരുന്നു .

തെരഞ്ഞെടുപ്പ് 8 മാസത്തിനുള്ളിൽ നടത്താനും ബെഞ്ച് നിർദേശിച്ചു . 3 വിധിന്യായങ്ങളാണ് ഉണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ബി.ആർ ഗവായ് ,സൂര്യകാന്ത് എന്നിവർക്ക് ഒരേ വിധിയായിരുന്നു . കശ്മീരിലെ ജനങ്ങളുടെ മനസിലെ മുറിവുണക്കാൻ നടപടി വേണമെന്നു ജസ്റ്റിസ് എസ്.കെ കൗൾ ചൂണ്ടിക്കാട്ടി . പ്രത്യേക പദവി റദ്ദാക്കിയത് ഫെഡറലിസത്തെ ബാധിക്കില്ലെന്ന നിലപാടിലാണ് സഞ്ജീവ് ഖന്ന. കേന്ദ്ര സർക്കാറിന് ആശ്വാസം നൽകുന്ന വിധിയാണ് ഭരണഘടനാ ബെഞ്ചിൽ നിന്നുണ്ടായത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News