'ഫോണ്‍ചോര്‍ത്തല്‍ രാജ്യദ്രോഹം'; നരേന്ദ്രമോദി ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ആത്മാവിനെ ആക്രമിച്ചെന്ന് രാഹുല്‍ ഗാന്ധി

പ്രതിപക്ഷം പാർലമെന്റ് തടസ്സപ്പെടുത്തുകയല്ല, സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.

Update: 2021-07-28 08:57 GMT

പെഗാസസ് ഫോൺചോർത്തലിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫോൺചോർത്തൽ രാജ്യദ്രോഹ പ്രവർത്തനമാണ്. കേവലം സ്വകാര്യതയുടെ മാത്രം പ്രശ്നമല്ലെന്നും ജനാധിപത്യത്തിനെതിരെ ഉപയോഗിച്ച ആയുധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പെഗാസസ് സോഫ്റ്റ്‌വെയർ വാങ്ങിയോ എന്ന കാര്യത്തില്‍ കേന്ദ്രം വ്യക്തമായ ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 

നരേന്ദ്രമോദിയും അമിത്ഷായും ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ ആക്രമിച്ചു. പ്രതിപക്ഷം പാർലമെന്റ് തടസ്സപ്പെടുത്തുകയല്ല, സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി. പെഗാസസ്​ ഫോൺ ചോർത്തൽ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികൾ ഡൽഹിയിൽ ചേര്‍ന്ന അടിയന്തര യോഗത്തിനു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. 

കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ശിവസേന, സി.പി.ഐ, സി.പി.എം, രാഷ്​ട്രീയ ജനത ദൾ, എ.എ.പി, ഡി.എം.കെ, മുസ്​ലിം ലീഗ്​, സമാജ്​വാദി പാർട്ടി, കേരള കോൺഗ്രസ് തുടങ്ങിയ കക്ഷികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്​ മല്ലികാർജുൻ ഖാർഗെയായിരുന്നു ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചത്. പെഗാസസ് വിഷയം രൂക്ഷമായി ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News