പ്രധാനമന്ത്രിയുണ്ടെങ്കിലും വന്ദേമാതരമില്ല; തമിഴ്നാട്ടിലെ പരിപാടിയില്‍ ദേശീയഗാനവും തമിഴ് തായ്‌വാഴ്ത്തും മാത്രം

തമിഴിനെ മദ്രാസ് ഹൈക്കോടതിയുടെ പ്രാഥമിക ഭാഷയായി പ്രഖ്യാപിക്കണമെന്ന് വിജയ്

Update: 2026-10-12 11:18 GMT

ചെന്നൈ: തമിഴ്നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും പങ്കെടുത്ത പരിപാടിയില്‍ ദേശീയ ഗീതമായ വന്ദേമാതരം ആലപിച്ചില്ല. മദ്രാസ് ഐഐടി ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് വന്ദേമാതരം ആലപിക്കാതിരുന്നത്.

ചടങ്ങില്‍ ആദ്യം ദേശീയ ഗാനമായ ജനഗണമനയും രണ്ടാമതായി സംസ്ഥാന ഗാനമായ തമിഴ് തായ്‌വാഴ്ത്തുമാണ് പാടിയത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഈ സംഭവം.

Advertising
Advertising

ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ടം ഉള്‍പ്പെടെ 13,000 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കാനായിരുന്നു പ്രധാനമന്ത്രി ഇന്നലെ തമിഴ്നാട്ടില്‍ എത്തിയത്. ചടങ്ങില്‍ പങ്കെടുത്തവരെ തമിഴിലാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. തുടര്‍ന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും അദ്ദേഹം സംസാരിച്ചു.

വിജയ്‌യുടെ പ്രസംഗവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. തമിഴിനെ മദ്രാസ് ഹൈക്കോടതിയുടെ പ്രാഥമിക ഭാഷയായി പ്രഖ്യാപിക്കണമെന്നും തടഞ്ഞുവെക്കപ്പെട്ട എസ്എസ്എ പദ്ധതിയുടെ 5,110 കോടി രൂപ വിട്ടുകിട്ടണമെന്നും വിജയ് ആവശ്യപ്പെട്ടു. ദേശീയപാത ആറുവരി പാതയാക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും വിജയ് പറഞ്ഞു. പ്രധാനമന്ത്രിയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു വിജയ്‌യുടെ പ്രസംഗം.

നേരത്തെ, വിജയ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉള്‍പ്പെടെ വന്ദേമാതരം പൂര്‍ണമായും ആലപിച്ചിരുന്നു. തമിഴ് തായ്‌വാഴ്ത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ ഔദ്യോഗിക ചടങ്ങുകളില്‍ തമിഴ് തായ്‌വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ പ്രമേയം പാസാക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. 

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News