Writer - രാഗേന്ദു പി.ആർ
Web Journalist
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി സിനിമാതാരങ്ങള്‍. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം അധികാരത്തിലിരിക്കുന്നവര്‍ നല്‍കുന്ന ഔദാര്യമല്ലെന്ന് ഹോളിവുഡ് നടി ഹുമ ഖുറേഷി പറഞ്ഞു.
'സമാധാനപരമായ വിയോജിപ്പ് ഒരു കുറ്റമല്ല. ചോദ്യങ്ങള്‍ ചോദിക്കുന്നതും ഉത്തരവാദിത്തം നിറവേറ്റാന്‍ ആവശ്യപ്പെടുന്നതും കുറ്റമല്ല. ജനാധിപത്യം തന്റെ പൗരന്മാരെ ഭയപ്പാടില്ലാതെ ശബ്ദം ഉയര്‍ത്താന്‍ അനുവദിക്കണം. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്തുമ്പോൾ, അത് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മൂല്യങ്ങളെയാണ് ഇല്ലാതാക്കുന്നത്,' എന്നും ഹുമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തന്റെ പിന്തുണ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കല്ല, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കും ജനാധിപത്യപരമായ അവകാശങ്ങള്‍ വിനിയോഗിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കുമാണെന്നും ഹുമ കൂട്ടിച്ചേര്‍ത്തു. വിയോജിപ്പ് രാജ്യദ്രോഹമല്ലെന്നും ലോകം നമ്മെ നോക്കിക്കൊണ്ടിരിക്കുകയാണെന്നും നമ്മള്‍ ഇനിയും മെച്ചപ്പെടണമെന്നും ഹുമ പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കോടികള്‍ ചെലവഴിച്ച് സേനകളെ വിന്യസിച്ച കേന്ദ്ര നടപടിയെ ബോളിവുഡ് നടന്‍ വിജയ് വര്‍മ പരിഹസിച്ചു. ഗ്യാനേഷ് കുമാറിന്റെ ചിത്രത്തോടൊപ്പം 'സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിന്റെ മുഖം' എന്ന വാചകമാണ് വിജയ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്ത് വില കൊടുത്തും നമ്മുടെ 'നാഷണല്‍ ഹീറോ'യെ സംരക്ഷിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
മലയാളം സിനിമാതാരങ്ങളായ നസ്രിയ നസീം, ടൊവിനോ തോമസ്, അവതാരക രഞ്ജിനി ഹരിദാസ്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരും നടന്മാരായ പ്രകാശ് രാജ്, ഇമ്രാന്‍ ഖാന്‍ എന്നിവരും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
അതേസമയം ജന്തര്‍ മന്തര്‍ ഇനിമുതല്‍ സമരസ്ഥലമല്ലെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം വിജ്ഞാപനമിറക്കി. പകരം രാംലീല മൈതാനം, ബുഹാരി മൈതാനം, ഈസ്റ്റ് ഡല്‍ഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയെ പുതിയ സമരകേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വിജ്ഞാപനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിജെപി പറഞ്ഞു.