രണ്ട് ഏക്കറിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി; വർഷം 15 ലക്ഷം രൂപ വരുമാനം! ഫാർമസി ജോലി വേണ്ടെന്ന് വെച്ച് കൃഷിയിലേക്ക് ഇറങ്ങി യുവാവ്
ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ വർഷം ശരാശരി 15 ലക്ഷം രൂപ വരുമാനം നേടുകയാണ് മഹാരാഷ്ട്രയിലെ അകോല സ്വദേശിയായ പ്രസാദ് രാംചവാരെ
ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ വർഷം ശരാശരി 15 ലക്ഷം രൂപ വരുമാനം നേടുകയാണ് മഹാരാഷ്ട്രയിലെ അകോല സ്വദേശിയായ പ്രസാദ് രാംചവാരെ. ഫാർമസി ബിരുദവും ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നുള്ള ജോലി വാഗ്ദാനങ്ങളുമുണ്ടായിട്ടും കൃഷി തിരഞ്ഞെടുക്കുകയായിരുന്നു 28കാരനായ പ്രസാദ്. രണ്ട് ഏക്കറിൽ ആരംഭിച്ച ഡ്രാഗൺ ഫ്രൂട്ട് കൃഷി ഇന്ന് 17 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കാർഷിക സംരംഭത്തിന്റെ ഭാഗമാണ്.
കൃഷിയിലേക്ക് വഴിതുറന്നത് ഡ്രാഗൺ ഫ്രൂട്ട്
2017ലാണ് പ്രസാദ് ആദ്യമായി ഡ്രാഗൺ ഫ്രൂട്ട് രുചിച്ചുനോക്കിയത്. പഴത്തിന്റെ രൂപവും രുചിയും ആകർഷിച്ചതോടെ കൃഷിയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. യൂട്യൂബ് വീഡിയോകളിലൂടെ കൃഷിരീതികൾ പഠിച്ചു. പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലകളിലും ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയെങ്കിലും വിദർഭയിലെ ചൂടും വരണ്ട കാലാവസ്ഥയും കൃഷിക്ക് അനുയോജ്യമാകില്ലെന്ന ധാരണയിൽ തുടക്കത്തിൽ പദ്ധതി ഉപേക്ഷിച്ചു.
എന്നാൽ 2021ൽ കോവിഡ് കാലത്ത് പിതാവിനൊപ്പം പുതിയ കാർഷിക സാധ്യതകൾ തേടിയതോടെയാണ് പ്രസാദ് വീണ്ടും ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞത്. പിതാവിൽനിന്ന് ലഭിച്ച കാർഷിക അറിവും സ്വന്തമായി നടത്തിയ പഠനങ്ങളും പദ്ധതിക്ക് കരുത്തായി.
മൂന്ന് ലക്ഷം രൂപയുടെ നിക്ഷേപം
2021 ജൂലൈയിൽ പ്രസാദ് ആദ്യത്തെ ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിച്ചു. സോലാപുരിൽനിന്നും ഗുജറാത്തിൽനിന്നുമായി ഏകദേശം 6,300 തൈകൾ വാങ്ങി. ഒരു തൈയ്ക്ക് 62 രൂപയായിരുന്നു വില. തൈകൾ വാങ്ങുന്നതിനും കൃഷി ആരംഭിക്കുന്നതിനുമായി ഏകദേശം മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചു.
പ്രതീക്ഷിച്ചതിലും നേരത്തേ ചെടികൾ കായ്ച്ചുതുടങ്ങി. നട്ടുപിടിപ്പിച്ച് ഏകദേശം 11 മാസത്തിനുള്ളിൽ ആദ്യ വിളവ് ലഭിച്ചു. 2022ലെ ആദ്യ വിളവെടുപ്പ് സീസണിൽ ആറുമാസത്തിനിടെ ഏകദേശം രണ്ട് ടൺ ഡ്രാഗൺ ഫ്രൂട്ട് ലഭിച്ചു. ഇതിലൂടെ ഒന്നര ലക്ഷം രൂപയോളം വരുമാനവും നേടി. ആദ്യ വിളവിൽനിന്നുള്ള വലിയൊരു ഭാഗം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൃഷി കാണാനെത്തിയ കർഷകർക്കുമായി സൗജന്യമായി നൽകുകയും ചെയ്തു.
ഇതിനിടെ 2022ൽ ബി.ഫാം പൂർത്തിയാക്കിയ പ്രസാദ് അകോലയിലെ ശ്രീ ഗുരുദത്ത ശിക്ഷൺ പ്രസാരക് സൻസ്ഥാനിൽനിന്ന് എം.ഫാമും നേടി. പഠനം പൂർത്തിയാക്കിയശേഷം ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽനിന്ന് ജോലി വാഗ്ദാനങ്ങൾ ലഭിച്ചെങ്കിലും കൃഷിയിൽ തുടരാനായിരുന്നു തീരുമാനം.
17 ഏക്കറിൽ വിവിധ വിളകൾ
ഇന്ന് നാല് വ്യത്യസ്ത സ്ഥലങ്ങളിലായി ഏകദേശം 17 ഏക്കർ കൃഷിഭൂമിയാണ് പ്രസാദ് കൈകാര്യം ചെയ്യുന്നത്. ഇതിൽ രണ്ട് ഏക്കറിലാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി. ഏകദേശം 6,400 ചെടികളുള്ള തോട്ടത്തിൽ ജംബോ റെഡ്, സീ, ഇസ്രായേലി യെല്ലോ, ഓസ്‌ട്രേലിയൻ യെല്ലോ, ഹൈലിസ് റെഡ്, ഇക്വഡോറിയൻ പലോറ തുടങ്ങിയ ഇനങ്ങളുണ്ട്.
ഡ്രാഗൺ ഫ്രൂട്ടിന് പുറമെ ചന്ദനമരങ്ങൾ, സീതപ്പഴം, മാവ് തുടങ്ങിയവയും കൃഷിയുടെ ഭാഗമാണ്. ഏകദേശം 1,600 ചന്ദനമരങ്ങളും 1,600 മുതൽ 1,700 വരെ സീതപ്പഴമരങ്ങളും 800ലധികം മാവുകളും തോട്ടങ്ങളിലുണ്ട്. പേരയ്ക്ക, സോയാബീൻ, തുവര, കടല തുടങ്ങിയവയും കൃഷി ചെയ്യുന്നു.
ഒരേയൊരു വിളയെ ആശ്രയിക്കാതെ പഴവർഗങ്ങൾ, മരങ്ങൾ, പച്ചക്കറികൾ, പരമ്പരാഗത വിളകൾ എന്നിവ ഉൾപ്പെടുത്തിയുള്ള കൃഷിരീതിയാണ് പ്രസാദ് പിന്തുടരുന്നത്. ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ ലഭിക്കുന്ന വരുമാനവും വിവിധ വിളകളുടെ സാധ്യതകളും ചേർന്നാണ് സംരംഭം വളരുന്നത്.
സ്റ്റാർട്ടപ്പീഡിയയുടെ റിപ്പോർട്ട് പ്രകാരം പ്രസാദിന്റെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽനിന്നുള്ള ശരാശരി വാർഷിക വരുമാനം 15 ലക്ഷം രൂപയാണ്. ഫാർമസി മേഖലയിലെ ജോലി സാധ്യതകൾ ഉപേക്ഷിച്ച് കൃഷി തിരഞ്ഞെടുത്ത പ്രസാദിന്റെ യാത്ര, കൃഷിയെ ഒരു സംരംഭമായി വളർത്താനുള്ള സാധ്യതകളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു.