'ഒരു പാർലമെന്റേറിയൻ എങ്ങനെയാവണമെന്നതിന്റെ മികച്ച ഉദാഹരണമാണ് മൻമോഹൻ സിങ്'; മുൻ പ്രധാനമന്ത്രിയെ പുകഴ്ത്തി മോദി

ഡൽഹി ഭരണനിയന്ത്രണ ബില്ലിൽ വോട്ട് രേഖപ്പെടുത്താൻ ശാരീരിക അവശതകളെ അവഗണിച്ച് മൻമോഹൻ സിങ് വീൽചെയറിൽ വോട്ട് ചെയ്യാനെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രശംസ.

Update: 2024-02-08 10:22 GMT

ന്യൂഡൽഹി: ഡോ. മൻമോഹൻ സിങ്ങിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭാ കാലാവധി കഴിയുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് ചടങ്ങിലായിരുന്നു ഒരു നിർണായക നിയമനിർമാണവുമായി ബന്ധപ്പെട്ട വോട്ടെടുപ്പിന് വീൽ ചെയറിൽ രാജ്യസഭയിലെത്തിയ മൻമോഹൻ സിങ്ങിനെ മോദി പുകഴ്ത്തിയത്.

''ആ വോട്ടെടുപ്പിൽ ഭരണപക്ഷം വിജയിക്കുമെന്ന് മൻമോഹൻ സിങ്ങിന് അറിയാമായിരുന്നു. എങ്കിലും വീൽചെയറിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത് ഞാൻ ഓർക്കുകയാണ്. ഒരു പാർലമെന്റ് അംഗം തന്റെ ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കുന്നതിൽ എത്രത്തോളം ജാഗ്രത പുലർത്തണമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്''-മോദി പറഞ്ഞു.

Advertising
Advertising

വോട്ടെടുപ്പിൽ മൻമോഹൻ സിങ് ആരെയാണ് പിന്തുണച്ചത് എന്നതല്ല പ്രധാനം. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയായിരുന്നു അദ്ദേഹത്തിന്റേത്. നമ്മെ നയിക്കാൻ അദ്ദേഹത്തിന് ദീർഘായുസ് ഉണ്ടാകട്ടെയെന്നും മോദി ആശംസിച്ചു.

കഴിഞ്ഞ ആഗസ്റ്റിൽ ഡൽഹി ഭരണനിയന്ത്രണ ബില്ലിൽ വോട്ട് രേഖപ്പെടുത്താനായിരുന്നു മൻമോഹൻ സിങ് വീൽചെയറിൽ പാർലമെന്റിലെത്തിയത്. സുപ്രധാന വിഷയങ്ങൾ ചർച്ചക്ക് വരുന്നതിനാൽ രാജ്യസഭയിലുണ്ടാകണമെന്ന് കോൺഗ്രസ് അന്ന് പാർട്ടി എം.പിമാർക്ക് വിപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ ഒരാളും വീഴ്ചവരുത്തരുതെന്നും പാർട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കണമെന്നും വിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ചാണ് കടുത്ത ശാരീരിക അവശതകളെ അവഗണിച്ച് മൻമോഹൻ സിങ് സഭയിലെത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News