കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന്; ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ കേസെടുത്തു
വിവാഹ നടത്തിപ്പില്‍ സിപിഎം, പോപ്പുലര്‍ ഫ്രണ്ട് ഇടപെടലുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍
ഭോപ്പാല്‍: കുംഭമേളയിലൂടെ വൈറലായ മധ്യപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേയുള്ളൂവെന്നാണ് ആശുപത്രി രേഖകള്‍ പറയുന്നതെന്ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ പറയുന്നു. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാര്‍ക്ക് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിവാഹ നടത്തിപ്പില്‍ സിപിഎം, പോപ്പുലര്‍ ഫ്രണ്ട് ഇടപെടലുണ്ടോയെന്ന് കമ്മീഷന്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ച് 11നായിരുന്നു പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.എ റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. കുടുംബം വിവാഹത്തിന് തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും കേരളത്തിലെത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. അതിനാലാണ് സഹായംതേടി പൊലീസ് സ്റ്റേഷനിലെത്തിയത്.
തനിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് കാട്ടി വിവാഹസമയത്ത് പെണ്‍കുട്ടി സര്‍ട്ടിഫിക്കറ്റുകള്‍ മാധ്യമങ്ങള്‍ക്ക് കാണിച്ചിരുന്നു. എന്നാല്‍, വിവാഹ സമയത്ത് കുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമാണ് പ്രായമെന്നാണ് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ കണ്ടെത്തിയത്. ആശുപത്രി രേഖകളില്‍ ജനന തീയതി 2009 ഡിസംബര്‍ 30 ആണെന്നും ഇവര്‍ പറയുന്നു. വിവാഹത്തിന് പെണ്‍കുട്ടി ഹാജരാക്കിയ രേഖ വ്യാജമായുണ്ടാക്കിയതാണെന്ന് കമ്മീഷന്‍ പറയുന്നു.