ബൾബ് മോഷ്ടിച്ച് 'വൈറലായ' എസ്.ഐക്ക് സസ്‌പെൻഷൻ

പാതയോരത്ത് ഉറങ്ങിക്കിടന്ന തൊഴിലാളിയുടെ പോക്കറ്റിൽനിന്ന് മൊബൈൽ ഫോൺ കവർന്ന പൊലീസുകാരനെ ഇതുവരെ പിടികൂടാനായിട്ടില്ല

Update: 2022-10-16 10:36 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ബൾബ് മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ എസ്.ഐയെ സസ്‌പെൻഡ് ചെയ്തു. പ്രയാഗ്‌രാജിലെ ഫുൽപൂർ പൊലീസ് സ്റ്റേഷനിലെ രാജേഷ് കുമാർ വർമയ്‌ക്കെതിരെയാണ് നടപടി.

ഒക്ടോബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് മോഷണം വ്യക്തമായത്. നഗരത്തിലുള്ള ഒരു ഷോപ്പിന്റെ പരിസരത്ത് രാജേഷ് ചുറ്റിക്കറങ്ങുന്നത് വിഡിയോയിൽ കാണാം. നാലുപാടും നോക്കിയ ശേഷം ബൾബ് ഊരി പോക്കറ്റിലിട്ട് വേഗത്തിൽ കടന്നുകളയുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തെത്തിയതിനു പിന്നാലെ ഫുൽപൂർ സർക്കിൾ ഓഫിസർ മനോജ് കുമാർ സിങ് സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് എസ്.ഐയോട് വിശദീകരണം തേടി. പിന്നാലെയാണ് ഇയാളെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്.

തൊഴിലാളിയുടെ പോക്കറ്റിൽനിന്ന് ഒരു പൊലീസുകാരൻ ഫോൺ കവരുന്ന സി.സി.ടി.വി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കാൺപൂരിൽ പാതയോരത്ത് ഉറങ്ങുകയായിരുന്ന തൊഴിലാളിയുടെ പോക്കറ്റിൽനിന്നാണ് പൊലീസുകാരൻ മൊബൈൽ ഫോൺ കവർന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.

കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പൊലീസുകാരന്‍ മോഷ്ടിച്ചത് ഈ മാസം ആദ്യത്തിലാണ്. പ്രതിയായ ഇടുക്കി എ.ആര്‍ ക്യാംപിലെ സി.പി.ഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി.ഷിഹാബ് സസ്പെന്‍ഷനിലാണ്.

Summary: Sub-inspector caught on CCTV stealing bulb in Phulpur, UP, suspended

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News