'ഐ ലവ് മനീഷ് സിസോദിയ' ബാനർ; സ്കൂളിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് ബാനർ നീക്കം ചെയ്തതെന്ന് പരാതിക്കാരൻ പറഞ്ഞു.

Update: 2023-03-05 04:38 GMT
Advertising

ന്യൂഡൽഹി: ഡൽഹിയിൽ 'ഐ ലവ് മനീഷ് സിസോദിയ' എന്നെഴുതിയ ബാനർ സ്ഥാപിച്ചതിന് സ്കൂളിനെതിരെ കേസ്. വടക്കുകിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർക്ക് പ്രദേശത്തെ ഒരു സർക്കാർ സ്കൂളിനെതിരെയാണ് ഡൽഹി പൊലീസ് കേസെടുത്തത്.

വെള്ളിയാഴ്ച രാവിലെ ബാനർ സ്ഥാപിക്കുന്നതിനിടെ നാട്ടുകാർ പ്രതിഷേധിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രദേശവാസിയായ ദിവാകർ പാണ്ഡെ നൽകിയ പരാതിയിൽ ഡൽഹി ശാസ്ത്രി പാർക്ക് പൊലീസ് സ്റ്റേഷനിൽ സ്വത്ത് നശിപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം കേസെടുക്കുകയായിരുന്നു.

'മാർച്ച് മൂന്നിന് രാവിലെ ചില ആം ആദ്മി പാർട്ടി പ്രവർത്തകർ ശാസ്ത്രി പാർക്കിലെ സർക്കാർ സ്‌കൂളിന്റെ ഗേറ്റിന് മുകളിൽ ഒരു ബാനർ സ്ഥാപിക്കുകയായിരുന്നു. 'ഐ ലവ് മനീഷ് സിസോദിയ' എന്നെഴുതിയ ബാനറാണ് സ്ഥാപിച്ചത്. ഇതിനെ ആളുകൾ എതിർക്കുകയും ഇത് വിദ്യാഭ്യാസത്തിന്റെ ക്ഷേത്രമാണെന്നും രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്ന് പറയുകയും ചെയ്തു'- പരാതിക്കാരൻ പറഞ്ഞു.

ആംആദ്മി പ്രവർത്തകർ സ്ഥാപിച്ച ബാനർ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി കോഡിനേറ്റർ ഗസാല സ്‌കൂൾ പ്രിൻസിപ്പലുമായി ചേർന്ന് ഗേറ്റിൽ ഉറപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. തുടർന്ന് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് ബാനർ നീക്കം ചെയ്തതെന്ന് പരാതിക്കാരൻ പറഞ്ഞു.

'അവർ കുട്ടികളെ ബ്രെയിൻ വാഷ് ചെയ്യാൻ ശ്രമിക്കുകയാണ്. ഞങ്ങൾ പ്രിൻസിപ്പലിനോട് ചോദിച്ചെങ്കിലും അദ്ദേഹം ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. തുടർന്ന് ഞാൻ പരാതി നൽകി. പൊലീസ് കേസെടുത്തു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് അവർ ഉറപ്പുനൽകി'- പാണ്ഡെ കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ വകുപ്പിന്റേയും ധനവകുപ്പിന്റേയും ഉൾപ്പെടെ ചുമതല വഹിച്ചിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യനയത്തിൽ അഴിമതിയാരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് സിബിഐ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

വിഷയത്തിൽ ഇടപെടാൻ സുപ്രിംകോടതി വിസമ്മതിച്ചതിനെ തുടർന്ന് മനീഷ് സിസോദിയ വെള്ളിയാഴ്ച റോസ് അവന്യൂ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റിയ കോടതി അദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടുകയും ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ സിസോദിയ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News