ശിവാജിനഗർ മെട്രോ സ്റ്റേഷന് സെന്‍റ് മേരിയുടെ പേരിടാൻ കര്‍ണാടക സര്‍ക്കാര്‍; രാഷ്ട്രീയ പ്രീണനമെന്ന് ബിജെപി
തിങ്കളാഴ്ച നടന്ന സെന്‍റ്.മേരീസ് ബസലിക്കയിലെ വാര്‍ഷിക തിരുനാളിനായിരുന്നു സിദ്ധരാമയ്യ മണ്ഡലത്തിലെ എംഎൽഎ കൂടി ശിപാർശ ചെയ്താൽ കേന്ദ്ര സർക്കാരിന് ഒരു നിർദേശം അയക്കുമെന്ന് പ്രഖ്യാപിച്ചത്
ബംഗളൂരു: ബംഗളൂരുവിലെ ശിവാജിനഗർ മെട്രോ സ്റ്റേഷന് സെന്‍റ് മേരിയുടെ പേര് നൽകാനുള്ള സര്‍ക്കാരിന്‍റെ നീക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയിൽ വിവാദം കത്തിപ്പടരുകയാണ്. കന്യാമറിയത്തിന്‍റെ പേര് നൽകാനുള്ള നിര്‍ദേശം സംസ്ഥാനം കേന്ദ്രത്തോട് ശിപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം വ്യാപക വിമര്‍ശനത്തിനാണ് ഇടയാക്കിയത്. ബംഗളൂരു മെട്രോ സംവിധാനം വിഭാവനം ചെയ്ത കന്നഡ നടൻ ശങ്കര്‍ നാഗിനെ മറന്നുവെന്നും അദ്ദേഹത്തെ അവഗണിക്കുന്നത് അനീതിയാണെന്നുമായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്.
എന്നാൽ തന്‍റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്റ്റേഷന് സെന്‍റ്.മേരിയുടെ പേരിടുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശിവാജിനഗർ എംഎൽഎ റിസ്വാൻ അർഷാദ്. സെന്‍റ് മേരീസ് ബസിലിക്ക 250 വർഷം പഴക്കമുള്ള ഒരു പള്ളിയാണെന്നും പ്രദേശത്തെ വളരെ പ്രധാനപ്പെട്ട കേന്ദ്രമാണെന്നും ആയിരക്കണക്കിന് ആളുകൾ ദേവാലയം പതിവായി സന്ദർശിക്കാറുണ്ടെന്നും അർഷാദ് ന്യൂസ് 18 നോട് പറഞ്ഞു.
തിങ്കളാഴ്ച നടന്ന സെന്‍റ്.മേരീസ് ബസലിക്കയിലെ വാര്‍ഷിക തിരുനാളിനായിരുന്നു സിദ്ധരാമയ്യ മണ്ഡലത്തിലെ എംഎൽഎ കൂടി ശിപാർശ ചെയ്താൽ കേന്ദ്ര സർക്കാരിന് ഒരു നിർദേശം അയക്കുമെന്ന് പ്രഖ്യാപിച്ചത്. "ഒരു എംഎൽഎ എന്ന നിലയിൽ സെന്‍റ് മേരീസ് ബസിലിക്കക്ക് ചരിത്രപ്രാധാന്യമുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. അതുകൊണ്ട് തന്നെ ശിവാജിനഗര്‍ സ്റ്റേഷന്‍റെ പേര് സെന്‍റ്.മേരീസ് സ്റ്റേഷൻ എന്നാക്കുന്നതിനോട് ഞാൻ യോജിക്കുന്നു. ബിജെപിക്ക് എതിർപ്പുണ്ടെങ്കിൽ, ബാലഗംഗാധരനാഥ് സ്വാമിജി, ഹോഷള്ളി മെട്രോ സ്റ്റേഷൻ പോലുള്ള മതനേതാക്കളുടെ പേരുകൾ നൽകിയിട്ടുള്ള മറ്റ് മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാത്തിനെയും അവർ എതിർക്കണം'' റിസ്വാൻ അർഷാദ് ചൂണ്ടിക്കാട്ടി. മെട്രോ സ്റ്റേഷന് 'ശിവാജിനഗർ സെന്‍റ് മേരി മെട്രോ സ്റ്റേഷൻ' എന്ന് പേരിടാൻ നിർദേശിക്കുന്ന ഒരു കത്ത് ഔദ്യോഗികമായി തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബസലിക്കയ്ക്കും ശിവാജിനഗർ ബസ് ഡിപ്പോയ്ക്കും സമീപമാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കൂടാതെ ബംഗളൂരു മെട്രോയുടെ നിർമാണത്തിലിരിക്കുന്ന പിങ്ക് ലൈനിന്‍റെ ഭാഗമാണിത്."മറ്റ് നിരവധി മതസ്ഥലങ്ങളെപ്പോലെ ഇതും ഒരു പ്രതീകാത്മക സ്ഥലമാണ്, ഞങ്ങൾ നിർദേശിച്ച രീതിയിൽ പേര് നൽകുമ്പോൾ, ആളുകൾ അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്യും. ബിജെപിക്ക് എന്തിനേയും എതിർക്കാം, പക്ഷേ എതിർക്കുന്നതിനുമുമ്പ് അവർ ചിന്തിക്കണം," എംഎൽഎ വിശദമാക്കി.
മെട്രോ സ്റ്റേഷന്‍റെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദം സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്, ചിലര്‍ സ്റ്റേഷന് അന്തരിച്ച കന്നഡ നടനും സംവിധായകനുമായ ശങ്കർ നാഗിന്‍റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടു."ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ബെംഗളൂരു നഗരത്തിൽ 500 മെട്രോ സ്റ്റേഷനുകൾ വരുന്നുണ്ട്. അവയിലൊന്നിന് ശങ്കർ നഗർ എന്നും പേരിടാം. അദ്ദേഹം ഒരു ഐക്കണാണ്,"എന്നായിരുന്നു വിവാദങ്ങളോടുള്ള അര്‍ഷദിന്‍റെ പ്രതികരണം.
പേര്മാറ്റത്തിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തെത്തിയിരുന്നു. മെട്രോ സ്റ്റേഷന്‍റെ പേര് മാറ്റാനുള്ള കർണാടക സർക്കാരിന്‍റെ തീരുമാനം രാജ്യത്തും ലോകത്തും വളരെയധികം ആദരിക്കപ്പെടുന്ന മഹാനായ യോദ്ധാവ് ഛത്രപതി ശിവാജി മഹാരാജിനെ അപമാനിക്കുന്നതാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ അഭിപ്രായം. എന്നാൽ "മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിന് അദാനിയുടെ പേര് നൽകുന്നതാണ് ഏറ്റവും വലിയ അപമാനം. അത് ശിവാജി മഹാരാജിനോടുള്ള അനാദരവാണ്. ബിജെപിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും അനാവശ്യ രാഷ്ട്രീയം കളിക്കുകയാണ്. പക്ഷേ ഈ പേരിന്‍റെ പ്രാധാന്യം അവർക്ക് മനസ്സിലാകുന്നില്ല'' അര്‍ഷദ് പറഞ്ഞു.
"കർണാടകയിലെ കോൺഗ്രസ് സർക്കാരിന് ദൈവം നല്ല ബുദ്ധി നൽകുമെന്നും ശിവാജിനഗർ മെട്രോ റെയിൽ സ്റ്റേഷന്റെ പേര് സെന്‍റ് മേരി എന്ന് പുനർനാമകരണം ചെയ്യുന്നതിലൂടെ അവർ അത്തരമൊരു തെറ്റ് വരുത്തില്ലെന്നും പ്രതീക്ഷിക്കാം. അത്തരമൊരു നീക്കം സമൂഹത്തിന് ദോഷകരവും ആളുകൾക്കിടയിൽ ശത്രുത വളർത്തുന്നതുമായിരിക്കും" എന്ന് പറഞ്ഞുകൊണ്ട് ഫഡ്‌നാവിസ് സിദ്ധരാമയ്യ സർക്കാരിനെതിരെ ആഞ്ഞടിച്ചു. കർണാടകയിലെ ബിജെപി ഇതിനെ പ്രീണന രാഷ്ട്രീയം എന്ന് വിളിക്കുകയും സംസ്ഥാനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ശങ്കർ നാഗിന്‍റെ പേരിടാൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ ന്യൂനപക്ഷ സമുദായത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴെല്ലാം ബിജെപി എന്തിനാണ് എതിർക്കുന്നതെന്നും എംഎൽഎ ചോദിച്ചു.
"ഈ രാജ്യം ബിജെപിയുടെ ഉടമസ്ഥതയിലുള്ളതല്ല. ഈ രാജ്യത്തിന് പൊതുവായ ഒരു ചരിത്രവും പൊതുവായ പൈതൃകവും പൊതുവായ സംസ്കാരവുമുണ്ട്. അത് എല്ലാവരുടേതുമാണ്. എല്ലാറ്റിനെയും അവർ എതിർക്കുന്നത് ബിജെപിയുടെ സ്വകാര്യ സ്വത്തല്ല. അപ്പോൾ എല്ലാ മതപരമായ പ്രാധാന്യമുള്ള പേരുകളും നീക്കം ചെയ്യുന്നതിനുള്ള ഒരു ഏകീകൃത ഫോർമുല ഞങ്ങൾ കൊണ്ടുവരും. 500-ലധികം സ്റ്റേഷനുകൾ ഉണ്ടാകും. ഞങ്ങൾക്ക് എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയും" അദ്ദേഹം പറഞ്ഞു.
കർണാടകയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ വിവിധ വശങ്ങളിൽ ഇടപെട്ടിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു ശങ്കർ നാഗ്.80കളിൽ മറ്റ് രാജ്യങ്ങളിലെ മെട്രോ റെയിൽ ശൃംഖലകളെക്കുറിച്ച് പഠിക്കുകയും ബംഗളൂരുവിൽ റെയിൽ ഗതാഗത സംവിധാനത്തിനായി വാദിക്കുകയും ചെയ്തിരുന്നു.