ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം; ഡൽഹിയിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

മാർപാപ്പ വിട പറയുന്നത് ഇന്ത്യ സന്ദർശിക്കുക എന്ന ആഗ്രഹം ബാക്കിയാക്കി

Update: 2025-04-22 01:44 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഡൽഹിയിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. സിബിസിഐ ആസ്ഥാനത്ത് നടത്താനിരുന്ന ഈസ്റ്റർ ആഘോഷം അനുശോചന യോഗമാക്കി മാറ്റുകയായിരുന്നു.

സിബിസിഐ ആസ്ഥാനത്തിന് സമീപം സെക്രട്ട് ഹാർട്ട് കത്തീഡ്രലിൻ്റെ കമ്മ്യൂണിറ്റി സെൻ്ററിൽ ഇന്നലെ വൈകീട്ട് ഈസ്റ്റർ ആഘോഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ വാർത്തയെത്തുന്നത്. ഇതോടെ മുൻ നിശ്ചയിച്ച പരിപാടി സിബിസിഐ അനുശോചന യോഗമാക്കി മാറ്റി. പുരോഹിതന്മാരും വിവിധ മത നേതാക്കളും വിവിധ രാജ്യങ്ങളുടെ അംബാസിഡർമാരും യോഗത്തിൽ പങ്കെടുത്ത് ഫ്രാൻസിസ് മാർപാപ്പയെ ഓർമിച്ചു.

Advertising
Advertising

ചടങ്ങിൽ മാർപാപ്പയുടെ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ഉണ്ടാകും.

അതേസമയം,  ഫ്രാൻസിസ് മാർപാപ്പ വിട പറയുന്നത് ഇന്ത്യാ സന്ദർശനം എന്ന ആഗ്രഹം ബാക്കിയാക്കി. സർക്കാരിന്‍റെ വാതിലുകൾ പലതവണ മുട്ടിയിട്ടും തനിക്കു മുൻപിൽ തുറക്കപ്പെട്ടില്ലെന്നാണ് ഇന്ത്യയിൽ നിന്ന് സന്ദർശിച്ച സഭാ മേലധ്യക്ഷൻമാരോട് മാർപാപ്പ ഒരിക്കൽ പറഞ്ഞത്. അയൽരാജ്യങ്ങൾ സന്ദർശിച്ചിട്ടും ഇന്ത്യയിൽ അനുമതി ലഭിക്കാതിരുന്നത് മാർപാപ്പയുടെ വിയോഗത്തോടെ വീണ്ടും ചർച്ചയാവുകയാണ്.

വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യ സന്ദർശിക്കണമെന്ന ആഗ്രഹം മാർപാപ്പയായ കാലം മുൽക്കേയുള്ള ആഗ്രഹമായിരുന്നു. 2017 നവംബർ അവസാനം മുതൽ ഡിസംബർ ആദ്യംവരെ ബംഗ്ലാദേശും മ്യാൻമറും സന്ദർശിച്ചപ്പോഴും ഇന്ത്യയിൽ അനുമതി ഉണ്ടായിരുന്നില്ല.

വത്തിക്കാൻ ആശങ്ക പ്രകടിപ്പിച്ച വിവിധ വിഷയങ്ങൾ അടക്കം നിരവധി മത, രാഷ്ട്രീയ വിഷയങ്ങൾ ഇതിന് സന്ദർശന അനുമതി ലഭിക്കാത്തതിൻ്റെ പിന്നിലുണ്ട്.റോമിൽ നിന്നും ഡൽഹിക്കും കൊൽക്കത്തയ്ക്കും മുകളിലൂടെ വിമാനത്തിൽ പറന്നാണ് മാർപാപ്പ ധാക്കയിൽ ഇറങ്ങിയത്.

മ്യാൻമാറിലേയും ബംഗ്ലാദേശിലേയും ന്യൂനപക്ഷ വേട്ടയെക്കുറിച്ച് അന്ന് തന്നെ ശക്തമായ ഭാഷയിൽ മാർപാപ്പ പ്രതികരിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഭൂരിപക്ഷ സംസ്ഥാനങ്ങളിലും മതപരിവർത്തന നിരോധന നിയമം ഉപയോഗിച്ച് നൂറുകണക്കിന് ക്രിസ്തുമത വിശ്വാസികളേയും വൈദികരേയും ജയിലിലടച്ചിരിക്കെയാണ് സന്ദർശന അനുമതി നീട്ടികൊണ്ടുപോയത്. മാർപാപ്പയുടെ 1986 ലെ സന്ദർശനം മുതൽ സംഘ്പരിവാർ കടുത്ത എതിർപ്പാണ് പുലർത്തുന്നത്. ഇത്തരം രാഷ്ട്രീയ കാരണങ്ങൾകൂടി സന്ദർശനം നീണ്ടുപോകാൻ കാരണമായെന്നാണ് വിലയിരുത്തുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News