'പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും ഗാന്ധി കുടുംബത്തോടൊപ്പം തന്നെ'; വ്യക്തമാക്കി സിദ്ദു

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നിൽക്കുമെന്ന് നവജ്യോത് സിങ് സിദ്ദു വ്യക്തമാക്കി

Update: 2021-10-02 11:09 GMT
Editor : Shaheer | By : Web Desk
Advertising

പാർട്ടിയിൽ പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും ഗാന്ധി കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. ട്വിറ്ററിലൂടെയാണ് സിദ്ദുവിന്റെ പ്രതികരണം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം നിൽക്കുമെന്നാണ് സിദ്ദു അറിയിച്ചത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനമൊഴിഞ്ഞു ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സിദ്ദുവിന്റെ പ്രതികരണം.

ഗാന്ധിജിയുടെയും ശാസ്ത്രിയുടെയും തത്വങ്ങൾ മുറുകെപ്പിടിക്കും. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം നിൽക്കും. മുഴുവൻ ദുശ്ശക്തികളും എന്ന പരാജയപ്പെടുത്താൻ ശ്രമിച്ചാലും ലഭ്യമായ എല്ലാ പോസിറ്റീവ് ഊർജം ഉപയോഗിച്ചും പഞ്ചാബിനെ ജയിപ്പിക്കും. പഞ്ചാബിയത്തും(ആഗോള സൗഹൃദം) മുഴുവൻ പഞ്ചാബികളും വിജയിക്കും-സിദ്ദു ട്വീറ്റ് ചെയ്തു.

സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസം പാർട്ടി വക്താവ് വ്യക്തമാക്കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിറകെയാണ് സിദ്ദു സ്ഥാനത്തു തന്നെ തുടരാൻ തീരുമാനിച്ചതെന്നാണ് അറിയുന്നത്. മന്ത്രിസഭാ പുനഃസംഘടനയിലടക്കം സിദ്ദു ഉന്നയിച്ച പ്രശ്‌നങ്ങൾ പ്രത്യേക സമിതി രൂപീകരിച്ച് ചർച്ച ചെയ്യാമെന്ന് ചരൺജിത്ത് അറിയിച്ചിരുന്നു. ഇതിനു പിറകെയാണ് സിദ്ദു അനുനയത്തിന് തയാറായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിദ്ദു അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. പാർട്ടി നേതൃത്വം ഏറ്റെടുത്ത് വെറും 75 ദിവസം പിന്നിടുമ്പോഴായിരുന്നു രാജി. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള അമരീന്ദർ സിങ്ങിന്റെ രാജിക്കു പിറകെയായിരുന്നു സിദ്ദുവിന്റെ നീക്കവും. ഇത് കോൺഗ്രസ് ക്യാംപില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News