ഹൊസപേട്ടെ: കർണാടകയിൽ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുടെ മറവിൽ ഫോം 7 വ്യാപകമായി ദുരുപയോഗം ചെയ്ത് 21,000 മുസ്‌ലിം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കാൻ ഗൂഢനീക്കം നടക്കുന്നതായി പ്രമുഖ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. 'ഫോം 7 വഴിയുള്ള ഓപ്പറേഷൻ കമല' എന്നാണ് ഈ നീക്കത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് നടക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയ്‌ക്കെതിരെ നടത്തുന്ന 10 ദിവസത്തെ 'എസ്‌ഐആർ പ്രതിരോധ പ്രവാസ' യാത്രയ്ക്കിടെ ഹൊസപേട്ടെയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെലഗാവിയിലെ ഒരു പോളിങ് ബൂത്തിൽ മാത്രം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇത്തരത്തിൽ 200 അപേക്ഷകൾ ലഭിച്ചതായി പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. ഈ 200 അപേക്ഷകളും മുസ്‌ലിം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാനുള്ളതായിരുന്നു. ഒഴിവാക്കേണ്ട വോട്ടർമാരുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ പ്രിന്റ് ചെയ്ത നിലയിലായിരുന്നു. എന്നാൽ അപേക്ഷ നൽകിയ ആളുടെ പേരും ഫോൺ നമ്പറും കൈപ്പടയിലാണ് എഴുതിയിരുന്നത്. ബൂത്ത് ലെവൽ ഓഫിസർമാർ ചോദ്യം ചെയ്തപ്പോൾ കോർപറേഷനിൽ നിന്ന് വന്നതാണെന്നാണ് ഫോം സമർപ്പിച്ചവർ പറഞ്ഞത്.
തുടർന്ന് തങ്ങളുടെ പ്രവർത്തകർ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു പ്രാദേശിക ബിജെപി നേതാവാണ് ഫോമുകൾ നൽകിയതെന്ന് വ്യക്തമായതായി പ്രകാശ് രാജ് പറഞ്ഞു. 'മുകളിൽ നിന്നാണ്' ഇവ ലഭിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാ ഫോമുകളിലും ഒപ്പിട്ടിരുന്നത് ഒരു പ്രാദേശിക ബിജെപി പ്രവർത്തകനായിരുന്നു. എന്നാൽ പിന്നീട് ഇതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് അയാൾ പറഞ്ഞതെന്നും പ്രകാശ് രാജ് വിശദീകരിച്ചു. കർണാടകയിലുടനീളം ഫോം 7 വഴി 21,000 മുസ്‌ലിം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ തെളിവുകളും പരാതികളും ശേഖരിക്കാൻ പര്യടനത്തിലുടനീളം തങ്ങളുടെ സംഘം പ്രവർത്തിക്കുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കി. വോട്ടർമാർ തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും ക്രമക്കേടുകളും മൊബൈൽ ഫോണുകളിൽ പകർത്തി സംഘത്തിനും സമൂഹമാധ്യമങ്ങൾ വഴിയും കൈമാറണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ലഭിക്കുന്ന തെളിവുകൾ ക്രോഡീകരിച്ച് സെപ്റ്റംബർ 30-ന് സമഗ്രമായ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് വാർത്താസമ്മേളനത്തിൽ ഇത് വെളിപ്പെടുത്തുകയും മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും മന്ത്രിമാർക്കും സമർപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ വോട്ടർപട്ടികയിൽ പുതിയ വോട്ടർമാരെ ചേർത്തതിലും തിരുത്തലുകൾ വരുത്തിയതിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ചീഫ് ഇലക്ടറൽ ഓഫിസറുടെ കണക്കുകൾ ഉദ്ധരിച്ച്, കർണാടകയിൽ തിരുത്തലുകൾക്കായി 40 ലക്ഷത്തോളം ഫോം 8 അപേക്ഷകൾ ലഭിച്ചതായും എസ്‌ഐആറിന് മുമ്പായി 11 ലക്ഷം പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. 40 ലക്ഷം ആളുകൾക്ക് തങ്ങളുടെ വിലാസത്തിലോ വിവരങ്ങളിലോ തിരുത്തൽ വരുത്തണമെന്ന് പെട്ടെന്ന് എങ്ങനെ ബോധ്യപ്പെട്ടു? പുതുതായി വന്ന ഈ 11 ലക്ഷം വോട്ടർമാർ ആരാണ്? വിഷയത്തിൽ കർണാടക ചീഫ് ഇലക്ടറൽ ഓഫിസർ വി. അൻബുകുമാർ വിശദീകരണം നൽകണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.
ഒരു ബൂത്തിൽ നിന്ന് 10 മുതൽ 15 വരെ വോട്ടുകൾ നീക്കം ചെയ്യുന്നത് പോലും തെരഞ്ഞെടുപ്പ് ഫലത്തെ വലിയ തോതിൽ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, രാജ്യമൊട്ടാകെ എസ്‌ഐആർ പ്രക്രിയയിലൂടെ 13 കോടി വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അവകാശപ്പെട്ടു. ഇത്തരം നീക്കങ്ങളിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ബാധിക്കപ്പെട്ടവർ വിവരങ്ങൾ പങ്കുവെച്ചാൽ പൂർണ പിന്തുണ നൽകുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.