ഡിഡി ന്യൂസിലെ പ്രതിദിന ഷോയുടെ അവതാരകനായി വിവാദ മാധ്യമപ്രവര്‍ത്തകൻ സുധീര്‍ ചൗധരി; 15 കോടിയുടെ വാര്‍ഷിക പാക്കേജ്, കരാറിൽ ഒപ്പിട്ടു

ആഴ്ചയില്‍ അഞ്ചുദിവസം എന്ന കണക്കില്‍ ഒരുവര്‍ഷം 260 ദിവസം ഷോ തയ്യാറാക്കി അവതരിപ്പിക്കാനാണ് കരാര്‍

Update: 2025-03-21 06:46 GMT

ഡൽഹി: ഹിന്ദി വാര്‍ത്താ ചാനലായ ആജ് തകിന്‍റെ പ്രൈം ടൈം അവതാരകന്‍ സുധീര്‍ ചൗധരി പ്രസാര്‍ ഭാരതിയുടെ കീഴിലുള്ള ദേശീയ ചാനല്‍ ഡിഡി ന്യൂസിൽ ഉടൻ ജോലിയിൽ പ്രവേശിക്കും. ദൂരദര്‍ശനിലെ പ്രതിദിന ഷോയുടെ അവതാരകൻ ഇനി സുധീറായിരിക്കും. ഇക്കാര്യത്തില്‍ പ്രസാര്‍ ഭാരതി ബോര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. 15 കോടി രൂപയാണ് ചൗധരിയുടെ വാര്‍ഷിക പാക്കേജെന്നാണ് റിപ്പോര്‍ട്ട്.

ആഴ്ചയില്‍ അഞ്ചുദിവസം എന്ന കണക്കില്‍ ഒരുവര്‍ഷം 260 ദിവസം ഷോ തയ്യാറാക്കി അവതരിപ്പിക്കാന്‍ സുധീര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള എസ്പ്രീത് പ്രൊഡക്ഷന്‍സ് (M/s ESSPRIT Productions Pvt Ltd) എന്ന സ്ഥാപനവുമായാണ് ദൂരദര്‍ശന്‍ കരാര്‍ വെയ്ക്കുന്നത്. ദിവസവും ഒരു മണിക്കൂറാണ് പരിപാടിയുടെ ദൈര്‍ഘ്യം. ഒരുവര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ പത്തു ശതമാനം കൂടിയ നിരക്കില്‍ കരാര്‍ പുതുക്കുമെന്നും ധാരണയുണ്ട്. ഡിഡി ന്യൂസിൽ പ്രൈം ടൈം സ്ലോട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഷോ അടുത്ത മേയ് മുതൽ സംപ്രേഷണം ചെയ്യും.

Advertising
Advertising

കടുത്ത മത്സരം നിലനിൽക്കുന്ന വാര്‍ത്താചാനൽ രംഗത്ത് ഡിഡി ന്യൂസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രസാർ ഭാരതിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ കാണുന്നത്.ചൗധരിയുടെ ഷോയ്ക്ക് പുറമേ, ദൂരദർശനിൽ കൂടുതൽ നിരവധി പുതിയ പ്രോഗ്രാമുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പ്രസാർ ഭാരതിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ആജ് തക്കിൽ രാത്രി 9നും 10നും ഇടയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ബ്ലാക്ക് & വൈറ്റ്' ഷോയുടെ അവതാരകനാണ് സുധീർ ചൗധരി.മുൻ സീ മീഡിയ എഡിറ്റർ ഇൻ ചീഫും സിഇഒയുമായ സുധീർ ചൗധരി 2022 ജൂണിൽ സീ വിടുകയും തൊട്ടടുത്ത മാസം ആജ് തക്കിൽ കൺസൾട്ടിംഗ് എഡിറ്ററായി ചേരുകയും ചെയ്തു.അവതാരകനെന്ന നിലയിൽ സുധീർ ചൗധരിയുടെ കരിയർ നിരവധി വിവാദങ്ങളാൽ സമ്പന്നമാണ്. 2023 സെപ്തംബറിൽ ഒരു ഷോയിലൂടെ 'സാമുദായിക സൗഹാർദം തകർക്കാൻ ഗൂഢാലോചന നടത്തിയതിന് ബെംഗളൂരു പൊലീസ് കേസെടുത്തിരുന്നു. ന്യൂനപക്ഷ, പട്ടിക ജാതി-പട്ടിക വർഗ, പിന്നാക്ക വിഭാഗക്കാരായ തൊഴിൽ രഹിതർക്ക് കൊമേഴ്സ്യൽ വാഹനങ്ങൾ വാങ്ങാൻ മൂന്നു ലക്ഷം രൂപ വരെ സബ്സിഡി നൽകുന്ന പദ്ധതിയിൽ ഹിന്ദുക്കളെ ഉൾപ്പെടുത്തിയില്ലെന്നാണ് ആജ്തക് വാർത്ത നൽകിയത്. പദ്ധതി സംബന്ധിച്ച് ന്യൂനപക്ഷ വികസന കോർപറേഷൻ നൽകിയ പത്ര പരസ്യം പ്രദർശിപ്പിച്ചായിരുന്നു സുധീർ ചൗധരി ഇത്തരമൊരു ആരോപണമുന്നയിച്ചത്. ‘നിങ്ങൾ പാവങ്ങളാണെങ്കിലും ഹിന്ദുക്കളല്ലെങ്കിൽ സബ്സിഡി കിട്ടില്ല. മുസ്‍ലിം, സിഖ്, ബുദ്ധ മതക്കാർക്ക് വാഹനം വാങ്ങാൻ സബ്സിഡി ലഭിക്കും’ എന്നായിരുന്നു സുധീർ ചൗധരി വാർത്താവതരണത്തിൽ വാദിച്ചത്.

ആദിവാസി സമൂഹത്തിനെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ ജാർഖണ്ഡിൽ സുധീറിനെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് കേസിൽ ഇളവ് അനുവദിക്കുകയായിരുന്നു. സീ ന്യൂസിലായിരിക്കെ മുസ്‍ലിം വിരുദ്ധ പരിപാടി സംപ്രേഷണം ചെയ്തുവെന്ന പരാതിയില്‍ കേരളത്തിലും കേസെടുത്തിട്ടുണ്ട്. മാര്‍ച്ച് 11 ന് സീ ന്യൂസ് സംപ്രേഷണം ചെയ്ത ഡിഎന്‍എ എന്ന പരിപാടി മതസ്പര്‍ദ വളര്‍‌ത്തുന്നതും ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നുവെന്നുമായിരുന്നു പരാതി.

എഐവൈഎഫ് നേതാവായ ഗവാസ് നല്‍കിയ പരാതി പരിഗണിച്ച കോഴിക്കോട് കസബ പൊലീസ് സുധീര്‍ ചൗധരിക്കെതിരെ ഐപിസി 195 എ വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയിലെ മുസ്‍ലിംകൾ സാമ്പത്തിക രംഗത്തും മാധ്യമ രംഗത്തും വിദ്യാഭ്യാസ രംഗത്തും ജിഹാദ് നടത്തുന്നുവെന്ന സുധീര്‍ ചൗധരി അവതരിപ്പിച്ച പരിപാടിയില്‍ പരാമര്‍ശിക്കുന്നതായും ഇതിലൂടെ ചാനലും അവതാരകനും ഒരു വിഭാഗത്തിനെതിരെ പക ജനിപ്പിക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.

സുധീർ ചൗധരി ഡിഡി ന്യൂസിൽ ചേരുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഡിഡി ന്യൂസിനെ ഒരു സ്വകാര്യ വാർത്താ ചാനലാക്കി മാറ്റാൻ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ ഡിഡി ന്യൂസിന്‍റെ ചുവപ്പ് നിറത്തിലുള്ള ലോഗോ മാറ്റി കാവി നിറത്തിലുള്ള ലോഗോ ആക്കിയിരുന്നു. ന്യൂസ് എന്ന ഹിന്ദിയിലുള്ള എഴുത്തും കാവിനിറത്തിലാക്കിയിരുന്നു. ‘മൂല്യങ്ങൾ പഴയതു തന്നെയെങ്കിലും പുതിയ രൂപത്തിൽ ഞങ്ങളെ കാണാം. ഇതുവരെ കാണാത്ത വാർത്താ യാത്രയ്ക്കു തയാറെടുക്കൂ' എന്ന അടിക്കുറിപ്പോടെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ചത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News