'പ്രതിപക്ഷനേതാക്കൾ ഒന്നിച്ചിരുന്ന് ചായകുടിച്ചിട്ടൊന്നും കാര്യമില്ല, ബി.ജെ.പിയെ തോൽപ്പിക്കാൻ ചെയ്യേണ്ടത് ഇതാണ്...'; പ്രശാന്ത് കിഷോർ

''എന്റെ ലക്ഷ്യം കോൺഗ്രസിന്റെ പുനർജന്മമായിരുന്നു. അവരുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് വിജയമായിരുന്നു''

Update: 2023-03-21 04:32 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: 2024ൽ ബി.ജെ.പിക്കെതിരായി പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകൻ പ്രശാന്ത് കിഷോർ. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഒരുമിച്ചിരുന്ന് ചായ കുടിച്ചോ ഭക്ഷണം കഴിച്ചതുകൊണ്ടോ ഐക്യമുണ്ടാകില്ല. ബി.ജെ.പിയെ തോൽപ്പിക്കാൻ അതിന്റെ ശക്തി മനസിലാക്കണമെന്നും പ്രശാന്ത് കിഷോർ എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

'നിങ്ങൾക്ക് ബിജെപിയെ തോൽപ്പിക്കണമെങ്കിൽ, നിങ്ങൾ അതിന്റെ ശക്തി മനസ്സിലാക്കണം - ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം. ഈ മൂന്നുമാണ് ബി.ജെ.പിയെ താങ്ങി നിർത്തുന്ന തൂണുകൾ. ഇതിൽ രണ്ടെണ്ണെങ്കിലും തകർക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിപക്ഷത്തിന് ബി.ജെ.പിയെ വെല്ലുവിളിക്കാനാവില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

'ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയശാസ്ത്രങ്ങളുടെ ഒരു കൂട്ടുകെട്ട് ഉണ്ടാകണം. ഗാന്ധിവാദികൾ, അംബേദ്കറൈറ്റ്‌സ്, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ എന്നിങ്ങനെ പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്. പക്ഷേ പ്രത്യയശാസ്ത്രത്തെ അന്ധമായി വിശ്വസിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'നിങ്ങൾ പ്രതിപക്ഷ സഖ്യത്തെ പാർട്ടികളുടെയോ നേതാക്കളുടെയോ കൂടിച്ചേരലായി കാണുന്നു. എല്ലാവരും ഒരുമിച്ച് ഉച്ചഭക്ഷണവും ചായ കുടിക്കാനും ക്ഷണിക്കുന്നു.. എന്നാൽ പ്രത്യയശാസ്ത്രപരമായ സഖ്യം രൂപീകരിച്ചില്ലെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും പ്രശാന്ത് കിഷോർ പറയുന്നു.

ലോക്‌സഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തതിൽ നിന്ന് പിന്മാറിയതിനെ കുറിച്ചും പ്രശാന്ത് കിഷോർ മനസ് തുറന്നു. 'എന്റെ ലക്ഷ്യം കോൺഗ്രസിന്റെ പുനർജന്മമായിരുന്നു. അവരുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് വിജയമായിരുന്നു. അവർ ആഗ്രഹിച്ച രീതിയിൽ എന്റെ ആശയങ്ങൾ നടപ്പിലാക്കാനാകില്ലായിരുന്നു..അതുകൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ നേട്ടങ്ങളെയും പ്രശാന്ത് കിഷോർ ചോദ്യം ചെയ്തു. ആറ്മാസത്തെ യാത്രക്ക് ശേഷം പാർട്ടിയിൽ എന്ത് മാറ്റം വന്നു? വെറുതെ കുറേ നടന്നിട്ട് കാര്യമില്ല. അതിലുണ്ടായ ചെറിയ വ്യത്യാസം പോലും വോട്ടാക്കി മാറ്റാൻ സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഹാറിൽ ജനസുരാജ് എന്ന പേരിൽ യാത്ര നടത്തുകയാണ് പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനേക്കാൾ ആ പ്രദേശത്തെക്കുറിച്ച് മനസിലാക്കാനാണ് ഞാൻ യാത്രനടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News