സ്റ്റേഷനിൽ പ്രീ-വെഡ്ഡിങ് വീഡിയോ ഷൂട്ടുമായി പൊലീസ് വരനും വധുവും; സം​ഗതി കൊള്ളാം, പക്ഷേ അനുമതി വാങ്ങണമെന്ന് മേലുദ്യോഗസ്ഥന്‍

വിജയ്‌യുടെ 'വാരിസ്' സിനിമയുടെ 'തീ ദളപതി' എന്ന പ്രൊമോഷൻ സോങ് ആണ് വരന്റെ വരവിന്റെ പശ്ചാത്തലത്തിൽ ചേർത്തിരിക്കുന്നത്.

Update: 2023-09-18 12:02 GMT

ഹൈദരാബാദ്: പൊലീസ് സ്റ്റേഷനിൽ പ്രതിശ്രുത വരനും വധുവുമായ ഉദ്യോ​ഗസ്ഥരുടെ പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു. ഹൈദരാബാദിലെ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരുടെ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. ഇരുവരും ഔദ്യോ​ഗിക യൂണിഫോം ധരിച്ച് പൊലീസ് കാറിൽ സ്റ്റേഷൻ വളപ്പിലേക്ക് പ്രവേശിക്കുന്നതും വാഹനത്തിനുള്ളിൽ നിന്ന് ഇറങ്ങുന്നതും ഉൾപ്പെടെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്. വിജയ്‌യുടെ 'വാരിസ്' സിനിമയുടെ 'തീ ദളപതി' എന്ന പ്രൊമോഷൻ സോങ് ആണ് വരന്റെ വരവിന്റെ പശ്ചാത്തലത്തിൽ ചേർത്തിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥ തന്റെ ഔദ്യോ​ഗിക കാറില്‍ വന്നിറങ്ങുന്നതും സല്യൂട്ട് സ്വീകരിക്കുന്നതും പിന്നീട് പരാതി പരിശോധിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. പിന്നാലെ, വരനായ പൊലീസ് ഉദ്യോഗസ്ഥനും കാറിലെത്തുകയും വധുവിനെ നോക്കി പുഞ്ചിരിക്കുകയും ചെയ്യുന്നത് കാണാം. പൊലീസ് സ്റ്റേഷനിലെ രംഗത്തിന് പിന്നാലെ ഇരുവരും തമ്മിലുള്ള ഡാന്‍സ് ഉള്‍പ്പെടെ ചേര്‍ത്തുള്ള വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ട നായകനായ പുതിയ ചിത്രം 'ഖുഷി'യിലെ ​ഗാനമാണ് ഇതിനായി ഉപയോ​​ഗിച്ചിരിക്കുന്നത്.

Advertising
Advertising

വീഡിയോ സോഷ്യൽമീഡിയയിലും പുറത്തും സമ്മിശ്ര പ്രതികരണങ്ങൾക്ക് വഴിവച്ചു. ചിലർ വിമർശനവുമായി രം​ഗത്തെത്തി. മറ്റു ചിലർ പൊലീസ് വരനും വധുവിനും ആശംസയുമായി രം​ഗത്തെത്തി. പൊലീസ് സ്റ്റേഷനിൽ ഇത്തരമൊരു വീഡിയോ ഷൂട്ട് ചെയ്തത് ശരിയായില്ലെന്നും അധികാര ദുര്‍വിനിയോഗമാണെന്നും നടപടി സ്വീകരിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടപ്പെട്ടപ്പോൾ ഒരേ ഡിപ്പാര്‍ട്ട്മെന്‍റ് ജോലി ചെയ്യുന്ന രണ്ടു പേര്‍ അവരുടെ ജോലിയെയും വീഡിയോയില്‍ ചേര്‍ത്തത് നല്ല കാര്യമാണെന്ന് മറുവിഭാഗവും സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പങ്കുവച്ചു.

സംഭവത്തിൽ ചർച്ച ചൂടുപിടിച്ചതോടെ വിശദീകരണവുമായി രം​ഗത്തെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, ഇരുവർക്കും ആശംസയ്ക്കൊപ്പം നിർദേശം നൽകുകയും ചെയ്തു. ഐ.പി.എസ് ഉദ്യോ​ഗസ്ഥനായ സി.വി. ആനന്ദാണ് തന്റെ എക്സ് (മുൻപ് ട്വിറ്റർ) ഹാൻഡിലിൽ പ്രതികരണവുമായി രം​ഗത്തെത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹത്തെയും യൂണിഫോമിനോടുള്ള പ്രകടമായ സ്നേഹത്തെയും അഭിനന്ദിച്ച അദ്ദേഹം, സ്റ്റേഷനിലെ വീഡിയോ അൽപം കുഴപ്പം പിടിച്ചതാണെന്നും പറഞ്ഞു. ദമ്പതികളെ കാണാനും അവരെ അനുഗ്രഹിക്കാനും തനിക്ക് താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ അനുമതിയില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും നിർദേശിച്ചു.

'ഇതിൽ സമ്മിശ്ര പ്രതികരണം എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇരുവരും തങ്ങളുടെ വിവാഹത്തെ ഏറെ ആകാംക്ഷയോടെയാണ് കാണുന്നത്. അത് നല്ല കാര്യമാണെങ്കിലും പൊലീസ് സ്റ്റേഷനിലെ വീഡിയോ അല്‍പം കുഴപ്പം പിടിച്ചതാണ്. പൊലീസ് ജോലി വളരെ ബുദ്ധിമുട്ടേറിയ പണിയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. അവര്‍ അവരുടെ ജീവിത പങ്കാളിയെ പൊലീസില്‍ നിന്നും തന്നെ കണ്ടെത്തിയെന്നത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ആഘോഷിക്കാനുള്ള കാരണമാണ്'.


'ഇരുവരും പൊലീസുകാരായതുകൊണ്ട് തന്നെ വകുപ്പിന്‍റെ സ്ഥലവും ചിഹ്നങ്ങളും ഉപയോഗിക്കുന്നതില്‍ തെറ്റില്ല. അവര്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ ഷൂട്ടിങ്ങിന് സമ്മതം നല്‍കുമായിരുന്നു. ചിലര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടാകാം. എന്നാല്‍, കല്യാണത്തിന് വിളിച്ചില്ലെങ്കില്‍ കൂടി അവരെ അനുഗ്രഹിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അനുമതിയില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നാണ് മറ്റുള്ളവരോട് പറയാനുള്ളത്- സി.വി. ആനന്ദ് പറഞ്ഞു.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News