'നയിക്കാൻ പ്രിയങ്കയുണ്ടാകും' യു.പിയിൽ കോൺഗ്രസ് തിരിച്ചുവരുമെന്ന് സൽമാൻ ഖുർഷിദ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്.

Update: 2021-06-23 13:34 GMT

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് വന്‍ തിരിച്ചുവരവാണ്. ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ് ചോദ്യചിഹ്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ ശക്തമായി തിരിച്ച് വരാന്‍ കോണ്‍ഗ്രസിന് കഴിയണമെങ്കില്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം സാധ്യമാവണം. ഉത്തര്‍പ്രദേശിന് പുറമേ ഗുജറാത്ത്, ഗോവ, മണിപ്പൂര്‍, ഉത്തരാഘണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ പാ‍ര്‍ട്ടിയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിപദത്തിലേക്കുള്ള പ്രഖ്യാപനം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും പ്രിയങ്കാ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി തന്നെയാവും 2022 നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുക. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രിയങ്ക ഗാന്ധി ഞങ്ങളുടെ ക്യാപ്റ്റനാണ്, അവർ ഞങ്ങളെ മുന്നില്‍ നിന്ന് നയിക്കുമെന്നാണ് പ്രതീക്ഷ, ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി സൽമാൻ ഖുർഷിദ് പറഞ്ഞു. നിങ്ങൾ യോഗി ആദിത്യനാഥിന്‍റെ ചിത്രവും പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ഒരുമിച്ച് വെക്കുക, പിന്നീട് നിങ്ങൾക്ക് കൂടുതൽ ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യം വരില്ല.." സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി ലഖ്നൗവിലേക്ക് താമസം മാറാനുള്ള ആലോചനയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംസ്ഥാനത്തെ മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങളും പ്രിയങ്ക നേരത്തെ തുടങ്ങിവെച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. 105 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് വിജയിക്കാനായത് ഏഴ് സീറ്റുകളില്‍ മാത്രമാണ്. 28 സീറ്റുണ്ടായിരുന്നിടത്താണ് കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലേക്ക് ചുരുങ്ങിയത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News