ബി.ജെ.പിയിലേക്ക് ആരൊക്കെ? കമൽനാഥ് അനുകൂലികളായ എം.എൽ.എമാർ ഡൽഹിയിൽ

കൂറുമാറ്റ നിരോധന നിയമ ലംഘനം ഒഴിവാക്കാൻ ആവശ്യമായ എംഎൽഎമാരുമായി മറുകണ്ടം ചാടാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ

Update: 2024-02-18 13:08 GMT

ന്യൂഡൽഹി:മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥിന്റെ വിശ്വസ്തരായ ആറോളം എംഎൽഎ ന്യൂഡൽഹിയിൽ. അദ്ദേഹവും മകനും എംപിയുമായ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നീക്കം. കൂറുമാറ്റ നിരോധന നിയമ ലംഘനം ഒഴിവാക്കാൻ ആവശ്യമായ എംഎൽഎമാരുമായി മറുകണ്ടം ചാടാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.

ചിന്ദ്‌വാരയിൽനിന്നുള്ള മൂന്ന് എംഎൽഎമാരും മറ്റിടങ്ങളിൽനിന്നുള്ള മൂന്ന് എംഎൽഎമാരും ഡൽഹിയിലേക്ക് പോകുമെന്ന് കമൽനാഥുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചിന്ദ്‌വാരയിൽനിന്ന് ഒമ്പത് വട്ടം എംപിയായ ആളാണ് കമൽനാഥ്. നവംബറിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയേറ്റതോടെ കമൽനാഥിനെ സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത്‌നിന്ന് മാറ്റിയിരുന്നു. നിലവിൽ ചിന്ദ്‌വാര മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് കമൽനാഥ്.

Advertising
Advertising

നിലവിൽ ഡൽഹിയിലെത്തിയ എംഎൽഎമാർക്കൊപ്പം കമൽനാഥിന്റെ വിശ്വസ്തനും സംസ്ഥാനത്തെ മുൻ മന്ത്രിയുമായ ലഖാൻ ഗൻഗോരിയയുമുണ്ടെന്നാണ് കോൺഗ്രസിൽനിന്നുള്ളവർ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

23 എംഎൽഎമാരെ ഒപ്പം കൂട്ടി കൂറുമാറ്റ നിരോധന നിയമം മറികടക്കാനാണ് കമൽനാഥ് ശ്രമിക്കുന്നതെന്ന് കോൺഗ്രസിലെ ചില നേതാക്കൾ പറഞ്ഞതായും റിപ്പോർട്ടിൽ പറഞ്ഞു. നിലവിൽ 230 അംഗ നിയമസഭയിൽ കോൺഗ്രസിന് 66 സീറ്റുകളാണുള്ളത്. ഇവരിൽ മൂന്നിലൊന്ന് എംഎൽഎമാരെ കൂടെക്കൂട്ടിയാൽ നിയമം മറികടക്കാൻ കഴിയുമെന്നാണ് മധ്യപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനായ രാകേഷ് പാണ്ഡേ പറയുന്നത്.

നേരത്തെ 2020 മാർച്ചിൽ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും നിരവധി എംഎൽഎമാരും ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെയാണ് കമൽനാഥ് മന്ത്രിസഭ വീണത്.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News