അധ്യാപകനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണം; പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ പ്രതിഷേധം അക്രമാസക്തമായി
പ്രൊഫസർ മാധവയ്യക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്
പോണ്ടിച്ചേരി: പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിൽ ലൈംഗികാതിക്രമ ആരോപണം ഉയർന്ന അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വിദ്യാർത്ഥിനികൾ ഉൾപ്പടെ 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമ ആരോപണം ഉയർന്ന യൂനിവേഴ്‌സിറ്റി കാരിക്കൽ സെന്റർ തലവൻ പ്രൊഫസർ മാധവയ്യക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. മാധയ്യക്കെതിരെ വിദ്യാർത്ഥിനികൾ പരാതി ഉന്നയിച്ചിട്ടും ഉചിതമായ നടപടി സ്വീകരിക്കാൻ യൂനിവേഴ്‌സിറ്റി അധികൃതർ തയ്യാറായില്ല. യൂനിവേഴ്‌സിറ്റി ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചു എന്നും പ്രതിഷേധക്കാർ ആരോപിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയാണ് വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. വൈസ് ചാൻസിലറും രജിസ്ട്രാറുമായി ചർച്ച നടത്താൻ അവസരം ഒരുക്കാമെന്ന് യൂനിവേഴ്‌സിറ്റി അധികൃതർ ആദ്യം അറിയിച്ചിരുന്നെങ്കിലും സ്റ്റുഡന്റ് ഡീൻ മാത്രമാണ് പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് എത്തിയത്. ചർച്ചയിൽ തൃപ്തികരമായ തീരുമാനം ഉണ്ടാവാതായതെടെ വിദ്യാർത്ഥി പ്രതിഷേധം തുടരുകയായിരുന്നു. ഇതിനിടെ, വിദ്യാർത്ഥികളെ കാണാതെ വൈസ് ചാൻസിലർ ക്യാമ്പസ് വിടാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാർ വിസിയുടെ വാഹനം തടഞ്ഞു. പ്രതിഷേധക്കാരെ മാറ്റാൻ സെക്യൂരിറ്റി ജീവനക്കാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്, പൊലീസ് എത്തി പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരും പൊലീസും ചേർന്ന് വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ ഉടൻ മോചിപ്പിക്കണമെന്നും ലൈംഗികാതിക്രമ ആരോപണം പ്രൊഫസർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. എസ്എഫ്‌ഐ ആവശ്യപ്പെട്ടു. ലെംഗികാരോപണം നേരിടുന്ന വ്യക്തി സ്വതന്ത്രമായി നടക്കുമ്പോൾ അതിനെതിരെ പ്രതിഷേധിച്ചവരെ തടവിൽ വെച്ചിരിക്കുകയാണെന്നും എസ്എസ്‌ഐ ആരോപിച്ചു. സംഭവത്തെ കുറിച്ച് യൂനിവേഴ്‌സിറ്റി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ കലാപ്പെട്ട് പൊലീസ് സ്റ്റേഷനിലുണ്ടെന്ന് പൊലീസ് അധികൃതർ അറിയിച്ചു.