ബജറ്റ് സമ്മേളനത്തിലെ പ്രതിഷേധം: 12 എംപിമാർക്കെതിരെ അവകാശ ലംഘന നടപടിക്ക് നീക്കം

തുടർച്ചയായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിനാണ് നടപടി

Update: 2023-02-21 04:34 GMT

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്ക് എതിരെ അവകാശലംഘന നടപടിക്ക് നീക്കം . 12 എംപിമാർക്കെതിരെ അന്വേഷണം നടത്താൻ ഉപരാഷ്ട്രപതി പ്രിവിലേജ് കമ്മിറ്റിയോട് നിർദേശിച്ചു.  തുടർച്ചയായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിനാണ് നടപടി .

കഴിഞ്ഞ ബജറ്റ് സമ്മേളന കാലയളവിൽ പാർലമെന്റിൽ പ്രതിഷേധിച്ച എംപിമാർക്കെതിരെയാണ് നടപടി. ഒമ്പത് കോൺഗ്രസ് എംപിമാർക്കും 3 ആംആദ്മി എംപിമാർക്കുമെതിരെയാണ് നടപടിയുണ്ടാവുക. രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന്റെ ഭാഗമായുള്ള ചർച്ചയ്ക്കിടെയാണ് എംപിമാർ നടുത്തളത്തിലിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രതിഷേധം.

എംപിമാരായ ശക്തി സിംഗ് ഗോയൽ, നരൻ ഭായ് റസ്വ, സയിദ് നാസർ ഹുസൈൻ, കുമാർ കെട്കർ, ഇമ്രൻ പ്രതാപ്ഗാർഹി, എൽ ഹനുമാൻതയ്യ, ഫൂലോ ദേവി നേതം, ജെബി മേത്തർ ഹിഷാം, രഞ്ജീത് രഞ്ജൻ, സഞ്ജയ് സിംഗ്, സുശീൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പതക് എന്നിവർക്കെതിരെയാണ് നടപടി.

ഉപരാഷ്ട്രപതിയുടെ നിർദേശം പ്രിവിലേജസ് കമ്മിറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ശേഷമാവും നടപടികളിലേക്ക് കടക്കുക. 2021ൽ സമാന രീതിയിൽ പ്രതിഷേധിച്ച 12 എംപിമാരെ സമ്മേളന കാലയളവിൽ സസ്‌പെൻഡ് ചെയ്തിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News