'മുസ്‌ലിമിനെ കൂട്ടംചേര്‍ന്ന് ആക്രമിച്ചതിന്റെ സന്തോഷം പങ്കുവച്ച സവര്‍ക്കര്‍'; ചെറുമകന്‍റെ പരാതിയില്‍ രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്

സവർക്കറിന്റെ ചെറുമകൻ സത്യകി സവർക്കർ ആണ് രാഹുൽ ഗാന്ധിക്കെതിരെ പരാതിയുമായി പൂനെ കോടതിയെ സമീപിച്ചത്

Update: 2024-11-19 03:55 GMT
Editor : Shaheer | By : Web Desk

പൂനെ: സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറിന്റെ ബന്ധുവിന്റെ പരാതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പൂനെ കോടതി. സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് ഡിസംബർ രണ്ടിന് കോടതിയിലെത്താൻ നിർദേശം. കഴിഞ്ഞ വർഷം നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

സവർക്കറിന്റെ ചെറുമകൻ സത്യകി സവർക്കർ ആണ് രാഹുൽ ഗാന്ധിക്കെതിരെ പരാതിയുമായി പൂനെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. 2023 മാർച്ച് അഞ്ചിന് ലണ്ടനിൽ രാഹുൽ നടത്തിയ പരാമർശമായിരുന്നു പരാതിക്കു കാരണം. താനും അഞ്ചോ ആറോ സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്‌ലിം സമുദായക്കാരനെ മർദിച്ചെന്നും അതിൽ സന്തോഷമുണ്ടെന്നും സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ വിമർശനം. സവര്‍ക്കറിന്‍റെ ഭീരുത്വത്തിന്‍റെ തെളിവായായിരുന്നു രാഹുല്‍ പ്രസംഗത്തില്‍ സംഭവം ഉദ്ധരിച്ചത്.

Advertising
Advertising

എന്നാൽ, ഒരു പുസ്തകത്തിലും അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നു പരാതിയിൽ വാദിച്ചു. കള്ളമാണെന്ന ബോധ്യത്തോടെയാണ് രാഹുല്‍ ഗാന്ധി ഇത്തരമൊരു വ്യാജവും ദുരുദ്ദേശ്യപരവുമായ പരാമര്‍ശം നടത്തിയതെന്നും സത്യകി ആരോപിച്ചു. സവര്‍ക്കറിന്‍റെ സല്‍പ്പേര് കളങ്കപ്പെടുത്തുകയും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുകയുമാണ് ഇതുവഴി ലക്ഷ്യമിട്ടതെന്നും പരാതിയില്‍ പറഞ്ഞു.

തുടർന്ന് പൊലീസിനോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. പ്രാഥമികാന്വേഷണം നടത്തിയ പൊലീസ് പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ഇതിനിടെ, കഴിഞ്ഞ സെപ്റ്റംബറിൽ കേസ് പാർലമെന്റ്-നിയമസഭാ അംഗങ്ങൾക്കായുള്ള പ്രത്യേക കോടതിക്കു കൈമാറി. കേസ് പരിഗണിച്ച പ്രത്യേക കോടതി കഴിഞ്ഞ ഒക്ടോബർ നാലിന് രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു.

എന്നാൽ, സമൻസ് ലഭിച്ചില്ലെന്നു കാണിച്ച് ഈ തിയതി രാഹുൽ കോടതിയിൽ എത്തിയില്ല. ഇതോടെ നവംബർ 18ന് ഹാജരാകാൻ നിർദേശിച്ചു വീണ്ടും സമൻസ് അയച്ചു. ഈ തിയതിലും കോടതിയിൽ ഹാജരായില്ല. സമൻസ് ഓൺലൈനിൽ ട്രാക്ക് ചെയ്തപ്പോൾ രാഹുലിനു ലഭിച്ചിട്ടുണ്ടെന്നു വ്യക്തമായെന്ന് സത്യകി സവർക്കറുടെ അഭിഭാഷകൻ സംഗ്രാം കോൽഹാത്കാർ വാദിച്ചു. അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

എന്നാൽ, രാഹുൽ ഗാന്ധിയുടെ ഓഫീസ് നിർദേശിച്ച പ്രകാരമാണ് താൻ ഹാജരാകുന്നതെന്ന് അഭിഭാഷകൻ മിലിന്ദ് പവാർ അറിയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കുള്ള തിരക്കുകൾക്കു പുറമെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായും കഴിഞ്ഞ രണ്ടു മാസമായി വിവിധ സംസ്ഥാനങ്ങളിലാണ് രാഹുലുള്ളതെന്നും ഇതിനാലാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നേരിട്ട് എത്തുമെന്നും മിലിന്ദ് അറിയിച്ചു.

തുടർന്നാണ് ഡിസംബർ രണ്ടിനു നേരിട്ട് ഹാജരാകാൻ കോടതി രാഹുൽ ഗാന്ധിയോട് നിർദേശിച്ചത്.

Summary: Special court in Pune orders Rahul Gandhi to appear personally on December 2 in Savarkar defamation case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News