പഞ്ചാബി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കമൽ കൗര്‍ കാറിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ചണ്ഡീഗഡ്: പഞ്ചാബി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കമൽ കൗറിനെ ബട്ടിൻഡയിലെ ആദേശ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലുധിയാനയിൽ താമസിക്കുന്ന കൗറിന് ഇൻസ്റ്റാഗ്രാമിൽ 3.83 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കൗറിന്‍റെ റീൽസുകൾ വൈറലായിരുന്നു. എന്നാൽ അശ്ലീല ഭാഷ ഉപയോഗിച്ചതുമൂലം ചില റീലുകൾ വിവാദങ്ങൾക്ക് കാരണമായിരുന്നു. മൃതദേഹം കണ്ടെത്തിയ വാഹനം ലുധിയാന ജില്ലയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൗറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പിന്നീട് കാറിൽ കൊണ്ടുപോയി സർവകലാശാലയുടെ പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിച്ചതാകാമെന്നുമാണ് പ്രാഥമിക കണ്ടെത്തൽ.
വാഹനത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്തുള്ളവർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. സംഭവസ്ഥലം പരിശോധിക്കാനും തെളിവുകൾ ശേഖരിക്കാനും ഫോറൻസിക് സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് ബട്ടിൻഡ സീനിയർ പൊലീസ് സൂപ്രണ്ട് അമ്നീത് കൊണ്ടൽ പറഞ്ഞു.