രാഘവ് ഛദ്ദയുടെ 62,000 രൂപയുടെ സ്വറ്ററിനെ ട്രോളി ബി.ജെ.പി; ഒന്നര ലക്ഷത്തിന്‍റെ സണ്‍ ഗ്ലാസ് വയ്ക്കുന്നയാളല്ലേ നിങ്ങളുടെ പ്രധാനമന്ത്രിയെന്ന് നെറ്റിസണ്‍സ്

പോളോ റാൽഫ് ലോറൻ ഗ്രാഫിക് പ്രിന്‍റഡ് വൂളൻ സ്വെറ്ററാണ് ഇത്

Update: 2024-01-03 05:27 GMT
Editor : Jaisy Thomas | By : Web Desk

രാഘവ് ഛദ്ദയും പരീനിതി ചോപ്രയും

ഡല്‍ഹി: ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയുടെയും ഭാര്യയും നടിയുമായ പരീനിതി ചോപ്രയുടെയും ക്രിസ്മസ് ,പുതുവത്സരാഘോഷത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ലണ്ടനിലും ഓസ്ട്രിയയിലുമായിട്ടായിരുന്നു ഇരുവരും അവധിക്കാലം ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആഘോഷങ്ങളുടെതായി പുറത്തുവന്ന ചിത്രത്തില്‍ രാഘവ് ധരിച്ചിരുന്ന സ്വറ്ററാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. 62,000 രൂപയുടെ സ്വറ്ററാണ് എഎപി നേതാവ് ധരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവും ഡൽഹി കന്‍റോണ്‍മെന്‍റ് ബോർഡ് വൈസ് പ്രസിഡന്‍റുമായ മനീഷ് സിംഗ്.

Advertising
Advertising

രാഘവിനെ പരിഹസിച്ചുകൊണ്ട് പാവപ്പെട്ട ആം ആദ്മി നേതാവ് 62,000 രൂപയുടെ സ്വറ്ററാണ് ധരിച്ചിരിക്കുന്നതെന്ന അടിക്കുറിപ്പോടെ മനീഷ് സിംഗ് എം.പിയുടെയും പരിനീതിയുടെയും ചിത്രങ്ങള്‍ തന്‍റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മിന്ത്രയിൽ സ്വെറ്റർ ലഭ്യമാണ്.പോളോ റാൽഫ് ലോറൻ ഗ്രാഫിക് പ്രിന്‍റഡ് വൂളൻ സ്വെറ്ററാണ് ഇത്.

എന്നാല്‍ ചിത്രം പങ്കുവച്ചതിനു പിന്നാലെ നിരവധി പേര്‍ മനീഷ് സിംഗിനെതിരെ രംഗത്തെത്തി. രാഘവ് ഛദ്ദ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണെന്നും അതുകൊണ്ട് വില കൂടിയ സ്വറ്റര്‍ വാങ്ങാനുള്ള ആസ്തിയുണ്ടെന്നും നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി. ഉപയോക്താക്കളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ചിത്രം പങ്കുവെച്ച് മോദി 1.4 ലക്ഷം രൂപ വിലയുള്ള സൺഗ്ലാസാണ് ധരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച പ്രധാനമന്ത്രിയുടെ പഴയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഉപയോക്താക്കള്‍ മനീഷിന് മറുപടി നല്‍കിയത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News