വോട്ട് കൊള്ളയിൽ അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ; ലോക്സഭയിൽ അമിത് ഷാ- രാഹുല്‍ ഗാന്ധി വാക് പോര്
ചൊവ്വാഴ്ച രാഹുൽ ഗാന്ധിയും പ്രതിപക്ഷ അംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി സഭയിൽ എത്തിയതോടെയാണ് ഇരു നേതാക്കളും വെല്ലുവിളിയുമായി കൊമ്പുകോർത്തത്.
ന്യൂഡൽഹി: വോട്ടർപട്ടിക തീവ്ര പരിഷ്‍കരണ (എസ്ഐആർ) ചർച്ചയിൽ ലോക്സഭയിൽ കൊമ്പുകോർത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആഭ്യന്തര മന്ത്രി അമിത് ഷായും.
ചൊവ്വാഴ്ച രാഹുൽ ഗാന്ധിയും പ്രതിപക്ഷ അംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി സഭയിൽ എത്തിയതോടെയാണ് ഇരു നേതാക്കളും വെല്ലുവിളിയുമായി കൊമ്പുകോർത്തത്.
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് താൻ നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച വിഷയങ്ങളിൽ സംവാദം നടത്താൻ രാഹുൽ ഗാന്ധി അമിഷ് ഷായെ വെല്ലുവിളിച്ചു. ‘താൻ എന്തു സംസാരിക്കണം എന്നു താന്‍ തീരുമാനിക്കുമെന്ന്’ അമിത് ഷാ മറുപടി നൽകി. വോട്ടർപട്ടികയിൽ യഥാർഥ വോട്ടർമാർ മാത്രമേയുള്ളൂ എന്ന് ഉറപ്പാക്കാനാണ് പരിഷ്ക്കരണ നടപടികളെന്ന് അമിത്ഷാ പറഞ്ഞു.ജനാധിപത്യത്തെ കോൺഗ്രസ് അട്ടിമറിച്ചു. ചില കുടുംബങ്ങൾ തലമുറകളായി വോട്ടു മോഷ്ടിക്കുന്നവരാണെന്നും അമിത്ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷണർമാർ പദവിയിലിരിക്കെ എടുക്കുന്ന ഏതു നടപടിക്കും എന്തുകൊണ്ടാണ് നിയമപരിരക്ഷ നൽകിയതെന്ന് ആദ്യം മറുപടി നൽകാൻ ഷായോട് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. തന്റെ വാർത്താ സമ്മേളനങ്ങളിൽ നിന്നു ചില തിരഞ്ഞെടുത്ത ഉദാഹരണങ്ങൾ മാത്രമാണ് ആഭ്യന്തര മന്ത്രി വിശദീകരിച്ചതെന്ന് രാഹുൽഗാന്ധി പറഞ്ഞു. തന്റെ മൂന്നു വാർത്താ സമ്മേളനങ്ങളെക്കുറിച്ച് ഒരു സംവാദം നടത്താൻ വെല്ലുവിളിക്കുന്നതായും രാഹുൽ പറഞ്ഞു.