ലോക്‌സഭാ തെരഞ്ഞെടുപ്പ്; കര്‍ഷകര്‍ക്ക് കോണ്‍ഗ്രസിന്റെ 5 വാഗ്ദാനങ്ങള്‍ നല്‍കി രാഹുല്‍ ഗാന്ധി

കര്‍ഷകര്‍ തങ്ങളുടെ നിരവധി ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം

Update: 2024-03-14 15:06 GMT
Advertising

ഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'കിസാന്‍ ന്യായ്' പദ്ധതിയുടെ കീഴില്‍ കര്‍ഷകര്‍ക്ക് അഞ്ച് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ തങ്ങളുടെ നിരവധി ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ഇത്.

സ്വാമിനാഥന്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം മിനിമം താങ്ങുവില നല്‍കും, കര്‍ഷകരുടെ കടം വായ്പ എന്നിവ എഴുതിത്തള്ളുന്നതിനും തുക നിശ്ചയിക്കുന്നതിനുമായി ഒരു സ്ഥിരം കമ്മീഷനെ രൂപീകരിക്കും, ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാറ്റം വരുത്തി വിളനാശമുണ്ടായാല്‍ 30 ദിവസത്തിനകം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കും, കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തി പുതിയ ഇറക്കുമതി-കയറ്റുമതി നയം ഉണ്ടാക്കും, കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് ജി.എസ്.ടി  ഒഴിവാക്കും. എന്നീ വാഗ്ദാനങ്ങളാണ് രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്ക് നല്‍കിയത്.

'രാജ്യത്തെ എല്ലാ ഭക്ഷണ ദാതാക്കള്‍ക്കും എന്റെ സല്യൂട്ട്. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും വേരോടെ പിഴുതെറിയുന്ന അഞ്ച് ഉറപ്പുകളാണ് കോണ്‍ഗ്രസ് നിങ്ങള്‍ക്കായി കൊണ്ടുവന്നിരിക്കുന്നത്. വിയര്‍പ്പുകൊണ്ട് നാടിന്റെ മണ്ണ് നനയ്ക്കുന്ന കര്‍ഷകരുടെ ജീവിതം സന്തോഷകരമാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന്' എക്സിലൂടെ രാഹുല്‍ ഗാന്ധി അറിയിച്ചു.

പാര്‍ട്ടിയുടെ വനിതാ നീതിക്ക് കീഴില്‍ അഞ്ച് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ദരിദ്രരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ധനസഹായം, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പുതിയ തസ്തികകളില്‍ നിയമനം, എല്ലാ ജില്ലയിലും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 13 ന് ഡല്‍ഹി ചലോ മാര്‍ച്ചോടെ 200 ലധികം കര്‍ഷക യൂണിയനുകള്‍ പ്രതിഷേധം ആരംഭിച്ചു. മിനിമം താങ്ങുവില , സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍, കാര്‍ഷിക കടം എഴുതിത്തള്ളല്‍ എന്നിവയാണ് അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍.

കേന്ദ്രവുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് പ്രക്ഷോഭം നിര്‍ത്തിവച്ചതിന് ശേഷം മാര്‍ച്ച് 10 ന് കര്‍ഷകര്‍ രാജ്യവ്യാപകമായി 'റെയില്‍ റോക്കോ' പ്രതിഷേധം നടത്തി. വ്യാഴാഴ്ച ഡല്‍ഹി രാംലീല മൈതാനിയില്‍ 'കിസാന്‍ മഹാപഞ്ചായത്ത്' നടത്താന്‍ കര്‍ഷകര്‍ കൂട്ടത്തോടെ ഒത്തുകൂടി. 50,000 കര്‍ഷകര്‍ ആ പരിപാടിയില്‍ പങ്കെടുത്തു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News