'ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ മാത്രമാണ് ഉന്നയിച്ചത്'; കേംബ്രിഡ്ജ് പ്രസംഗത്തില്‍ വിശദീകരണം നൽകി രാഹുൽ ഗാന്ധി

ഈ വിഷയം സംസാരിക്കാൻ പറ്റിയ വേദി ഇതെല്ലെന്ന് ബി.ജെ.പി എംപിമാർ വിമർശിച്ചു

Update: 2023-03-19 04:39 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ വിമർശനം ഉയരുന്ന സാഹചര്യത്തിൽ വിശദീകരണം നൽകി രാഹുൽഗാന്ധി. ശനിയാഴ്ച നടന്ന പാർലമെന്ററി പാനൽ യോഗത്തിലാണ് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് വിശദീകരണം നൽകിയത്.

ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ മാത്രമാണ് താൻ ഉന്നയിച്ചതെന്നും അതിന്റെ പേരിൽ ദേശവിരുദ്ധൻ എന്ന് മുദ്രകുത്താനാകില്ലെന്നും രാഹുൽ വ്യക്തമാക്കിയതെന്ന് എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു. മറ്റൊരു രാജ്യത്തോടും ഇടപെടാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Advertising
Advertising

ഇത് ആഭ്യന്തര കാര്യമാണ്. ഇത് അവർ തന്നെ പരിഹരിക്കും. അതിൽ തനിക്ക് വിശ്വാസമുണ്ട്...രാഹുൽ സമിതിക്ക് മുമ്പാകെ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ അധ്യക്ഷതയിൽ നടന്ന ജി-20 കൂടിയാലോചന സമിതി യോഗത്തിലാണ് രാഹുലിന്റെ വിശദീകരണം.

അതേസമയം, രാഹുൽ ഗാന്ധിക്ക് ഈ വിഷയം സംസാരിക്കാൻ പറ്റിയ വേദി ഇതെല്ലെന്ന് ബി.ജെ.പി എംപിമാർ വിമർശിച്ചു. അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യത്തിലെ ഏറ്റവും വലിയ കളങ്കമാണെന്നും ഇന്ത്യയുടെ ജി-20 അധ്യക്ഷ പദവി എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുലിന്റെ വിശദീകരണം എന്നായിരുന്നു ബിജെപിയുടെ ആരോപണം.

ഇതിനെചൊല്ലി കോൺഗ്രസ് എം.പിമാരും ബിജെപി നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ സമിതി അധ്യക്ഷൻ എസ്.ജയശങ്കർ ഇടപെട്ടു. രാഹുൽ രാഷ്ട്രീയ വിഷയങ്ങളല്ല, ജി 20 വിഷയത്തിൽ മാത്രം സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യം ഭീഷണിയിലാണെന്നും പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്നുമായിരുന്നു രാഹുൽ ഗാന്ധി കേംബ്രിഡ്ജ് സർവകലാശാലയിൽ പറഞ്ഞത്. രാഹുൽ പരാമർശം പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നുമായിരുന്നു ബിജെപിയുടെ ആവശ്യം. ഇതിനെച്ചൊല്ലി വെള്ളിയാഴ്ച ലോക്‌സഭാ നടപടികൾ തടസപ്പെട്ടിരുന്നു. രാഹുൽഗാന്ധി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും ദേശവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമായി മാറിയെന്നും ബി.ജെ.പി ആരോപിച്ചു.




Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News