ഇ.വി.എം ഇല്ലെങ്കിൽ മോദി തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി

മോദിക്കെതിരെ രൂക്ഷ വിമർശനമാണ് ഭാരത് ജോഡോ ന്യായ് യാത്രയു​ടെ സമാപനസമ്മേളനത്തിൽ രാഹുൽ ഗാന്ധിയും വിവിധ പ്രതിപക്ഷപാർട്ടി നേതാക്കളും ഉന്നയിച്ചത്

Update: 2024-03-17 16:19 GMT

മുംബൈ: ഇ.വി.എം ഇല്ലെങ്കിൽ മോദി തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി. ‘രാജാവിന്റെ’ ആത്മാവ് ഇ.വി.എമ്മിൽ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദിക്കെതിരെ രൂക്ഷ വിമർശനമാണ് ഭാരത് ജോഡോ ന്യായ് യാത്രയു​ടെ സമാപനനസമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ചത്. രാജ്യത്തെ പ്രശ്നങ്ങൾ ആരും ഉയർത്തിക്കാട്ടുന്നില്ല.മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്.

ഇത് രാഹുലിന്റെ മാത്രം യാത്രയല്ല. എല്ലാ പ്രതിപക്ഷ നേതാക്കളും യാത്രയിൽ പങ്കാളിയായി. മണിപ്പൂർ തൊട്ട് മുംബൈ വരെ യാത്ര നടത്തി. വാക്കുകൾ കൊണ്ട് താൻ കണ്ട കാര്യങ്ങൾ വിവരിക്കാൻ സാധിക്കില്ല. നമ്മുടെ പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല, ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്രമോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണ്. മണിപുരിൽ ആ ശക്തി ആഭ്യന്തരയുദ്ധം നടത്തുകയാണ്. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവ് പാർട്ടി വിട്ടപ്പോൾ അദ്ദേഹം കരഞ്ഞു കൊണ്ട് സോണിയ ഗാന്ധിയോട് പറഞ്ഞത് എനിക്ക് ജയിലിൽ പോകാൻ ധൈര്യമില്ല എന്നാണ്. എല്ലാവരും ഭയപ്പെട്ടാണ് പാർട്ടികൾ വിടുന്നത്. ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദിയെന്നും രാഹുൽ പരിഹസിച്ചു.

Advertising
Advertising

വിദേശ യാത്രകളും വ്യാജ പ്രചാരണങ്ങളുമാണ് നരേന്ദ്രമോദി കഴിഞ്ഞ 10 വർഷത്തിൽ ചെയ്ത രണ്ടു കാര്യങ്ങളെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.രാഹുൽഗാന്ധി ഭാവിയുടെ പ്രതീക്ഷയാണ്. രാഹുലിന്റെ യാത്ര കോൺഗ്രസിനു വേണ്ടി മാത്രമായിരുന്നില്ല. ബിജെപി അഴിമതിക്കാരാണെന്ന് ഇലക്ടറൽ ബോണ്ടിലൂടെ വ്യക്തമായി. ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ഒരേയൊരു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം എല്ലാവർക്കും ഉള്ളതാണെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഹിന്ദു, മുസ്ലിം ആരുമാകട്ടെ എല്ലാവരും ഭാരതീയരാണ്. ഇൻഡ്യ സർക്കാർ അധികാരത്തിൽ വന്നാൽ ഇ.വി.എം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോദി നുണകളുടെ ഫാക്ടറിയെന്ന് തേജസ്വി യാദവ് പറഞ്ഞു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സർക്കാരിനെ അട്ടിമറിക്കുവാൻ ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ തുറന്ന സ്നേഹത്തിന്റെ കട ഒരിക്കലും അടയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നമ്മൾ ആരും ജയിലിൽ പോകാൻ ഭയപ്പെടുന്നില്ലെന്ന് ആം ആദ് മി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

നീതിക്ക് വേണ്ടിയുള്ള യാത്ര ഇവിടെ അവസാനിക്കുന്നില്ലെന്നും എല്ലാവരെയും ഒരുമിച്ച് നിർത്തി കൊണ്ടാണ് കൊണ്ടാണ് രാഹുൽ യാത്ര നടത്തിയതെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ കൊണ്ടുവന്ന് സമുദായങ്ങൾ തമ്മിൽ ശത്രുത ഉണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.സി.എ.എ,എൻ.ആർ.സി അതി​ന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാക്കളുടെ സംഗമം കൂടിയായിരുന്നു ഭാരത് ജോഡോ ന്യായ് യാത്ര സമ്മേളന വേദി. പ്രിയങ്ക ഗാന്ധി,എംകെ സ്റ്റാലിൻ,മല്ലികാർജുൻ ഖർഗെ,ശരദ് പവാർ, ഫറൂഖ് അബ്ദുള്ള, ഡി.കെ.ശിവകുമാർ, രേവന്ത് റെഡ്ഡി, ഉദ്ധവ് താക്കറെ,ചംപയ് സോറൻ, മെഹബൂബ മുഫ്തി, സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവരടക്കമുള്ളവർ പ​ങ്കെടുത്തു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. പനി കാരണമാണ് പ​ങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News