കാമുകിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം മുറിയില്‍ ഉപേക്ഷിച്ചു; 'ആത്മാവിനെ' വിളിച്ചുവരുത്താനും ശ്രമം

താമസസ്ഥലത്ത് ഉപേക്ഷിച്ച മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്

Update: 2026-02-17 04:47 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 24കാരിയായ എംബിഎ വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി 13നായിരുന്നു കൊലപാതകം. താമസസ്ഥലത്ത് ഉപേക്ഷിച്ച മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസില്‍ വിദ്യാര്‍ഥിനിയുടെ സുഹൃത്ത് പീയുഷ് ദംനോദിയയെയാണ് അറസ്റ്റ് ചെയ്തത്.

ദ്വാരകാപുരിയിലെ താമസസ്ഥലത്തു നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനെ അറസ്റ്റ് ചെയ്തത്.

Advertising
Advertising

പെണ്‍കുട്ടിയും പീയുഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായിരുന്നു. ഫെബ്രുവരി 11ന് പെണ്‍കുട്ടി പീയുഷിന്റെ താമസസ്ഥലത്തെത്തി. ഇവിടെവെച്ച് ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടു. ഇതിന് പിന്നാലെ വിവാഹക്കാര്യത്തില്‍ വീണ്ടും തര്‍ക്കമുണ്ടാവുകയും പീയുഷ് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ ഇയാള്‍ ഇവിടെ നിന്ന് കടന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു. കാണാതായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പീയുഷിനെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താന്‍ മുംബൈയിലേക്ക് കടന്നതാണെന്ന് ഇയാള്‍ പറഞ്ഞു. ഹോട്ടലില്‍ മുറിയെടുത്ത ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ 'ആത്മാവിനെ' വിളിച്ചുവരുത്താന്‍ ശ്രമിച്ചത്രെ. ഇതിനായി ചില താന്ത്രിക വിദ്യകള്‍ ചെയ്തുവെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടി മറ്റ് പുരുഷന്മാരുമായി സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കിടയില്‍ നിരന്തരം തര്‍ക്കമുണ്ടായെന്നാണ് ഇയാള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News