'ഈ രാജ്യമാണ് എന്‍റെ വസതി': രാഹുലിന് തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി തിരികെ നല്‍കും
തന്‍റെ വീട് എല്ലാ ഇന്ത്യക്കാരുടേതുമാണെന്ന് രാഹുൽ ഗാന്ധി
ഡല്‍ഹി: പാർലമെന്‍റിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധിക്ക് പഴയ വസതി തന്നെ തിരികെ ലഭിക്കും. തുഗ്ലക് ലൈനിലെ 12ആം നമ്പർ ഔദ്യോഗിക വസതിയാണ് തിരികെ ലഭിക്കുക. ഈ രാജ്യമാണ് തന്റെ വസതിയെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാഹുലിന് വീട് തിരികെ നല്‍കണമെന്ന് ഹൗസിങ് കമ്മറ്റിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
തന്‍റെ വീട് എല്ലാ ഇന്ത്യക്കാരുടേതുമാണെന്ന് രാഹുൽ പറഞ്ഞു. എപ്പോഴാണ് രാഹുല്‍ ഈ വസതിയിലേക്ക് മാറുകയെന്ന് തീരുമാനമായിട്ടില്ല. അമ്മ സോണിയാ ഗാന്ധിക്കൊപ്പമാണ് നിലവില്‍ രാഹുലിന്‍റെ താമസം.
മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ എം.പി സ്ഥാനത്തു നിന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടിരുന്നു. പിന്നാലെ വസതിയൊഴിയാന്‍ രാഹുലിന് നിര്‍ദേശം ലഭിച്ചു. വൈകാതെ രാഹുല്‍ വസതി പൂട്ടി താക്കോല്‍ കൈമാറുകയും ചെയ്തു.
135 ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധി വീണ്ടും ലോക്സഭാംഗമായത്. സൂറത്ത് കോടതി വിധി സുപ്രിംകോടതി തടഞ്ഞതോടെയാണ് തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കൾ പാർലമെന്റ് കവാടത്തിൽ ഇന്നലെ രാഹുലിനെ സ്വീകരിച്ചു. എ.ഐ.സി.സി ആസ്ഥാനത്തും ജൻപഥ് പത്തിന് മുന്നിലും ആഹ്ളാദം അണപൊട്ടി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് നാളെ രാഹുല്‍ ലോക്സഭയില്‍ സംസാരിക്കും.
മാർച്ച് 23നു സൂറത്ത് കോടതി ശിക്ഷിച്ചപ്പോൾ വിധിപ്പകർപ്പ് ലഭിക്കുന്നതിന് മുൻപേ അതിവേഗത്തിൽ രാഹുൽ ഗാന്ധിയെ ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്താക്കുകയായിരുന്നു. സുപ്രിംകോടതി വിധി സ്റ്റേ ചെയ്തപ്പോൾ ഉടനടി തിരിച്ചെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. അനുകൂല കോടതി വിധി ഉണ്ടായിട്ട് പോലും ലക്ഷദ്വീപ് എംപിയുടെ കാര്യത്തിൽ 63 ദിവസം തിരിച്ചെടുക്കാൻ വൈകിപ്പിച്ചതിനാൽ, മുൻകരുതൽ എന്ന രീതിയിൽ സുപ്രിംകോടതിയിൽ സമർപ്പിക്കാൻ ഹരജിയും കോണ്‍ഗ്രസ് തയ്യാറാക്കിയിരുന്നു. പിന്നാലെയാണ് എം.പി സ്ഥാനം പുനസ്ഥാപിച്ചുകൊണ്ടുള്ള ഓര്‍ഡര്‍ വന്നത്. ഔദ്യോഗിക വസതിയും തിരിച്ചുനല്‍കി.