'തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യം ബി.ജെ.പിയുടെ വിജയം';വിമർശനവുമായി രാഹുൽ ഗാന്ധി

രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളെയും ആർ.എസ്.എസും ബി.ജെ.പിയും കൈപ്പിടിയിലാക്കിയെന്നും അതിനെതിരെയാണ് താൻ ഭാരത് ജോഡോ യാത്ര നടത്തിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Update: 2023-02-22 12:51 GMT
Advertising

ഷില്ലോങ്: തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മേഘാലയയിൽ ബി.ജെ.പിയെ വീണ്ടും അധികാരത്തിലേറ്റാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഗോവയിലും ഇത് തന്നെയാണ് അവർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മേഘാലയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

''നിങ്ങൾക്ക് ടി.എം.സിയുടെ ചരിത്രം അറിയുമോ? അക്രമവും അഴിമതിയുമാണ് പശ്ചിമ ബംഗാളിൽ നടക്കുന്നത്. അവരുടെ പാരമ്പര്യത്തെ കുറിച്ച് നിങ്ങൾ ബോധവാൻമാരായിരിക്കണം. ഗോവ തെരഞ്ഞെടുപ്പിൽ വൻ തുകയാണ് അവർ ചെലവഴിച്ചത്. ബി.ജെ.പിയെ സഹായിക്കുകയായിരുന്നു ലക്ഷ്യം. അതേ ആശയം തന്നെയാണ് മേഘാലയയിലും നടപ്പാക്കാൻ ശ്രമിക്കുന്നത്''-രാഹുൽ പറഞ്ഞു.

ആരെയും ബഹുമാനിക്കാതെ എല്ലാമറിയാമെന്ന രീതിയിലാണ് ബി.ജെ.പി മുന്നോട്ടുപോകുന്നതെന്ന് രാഹുൽ ആരോപിച്ചു. അവർക്കെതിരെ നാം ഒരുമിച്ച് പൊരുതണം. മേഘാലയയുടെ സംസ്‌കാരത്തിനോ ചരിത്രത്തിനോ ഹാനി വരുത്താൻ ബി.ജെ.പിയെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളെയും ആർ.എസ്.എസും ബി.ജെ.പിയും കൈപ്പിടിയിലാക്കിയെന്നും അതിനെതിരെയാണ് താൻ ഭാരത് ജോഡോ യാത്ര നടത്തിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്റ്, ജുഡീഷ്യറി, മീഡിയ, ബ്യൂറോക്രസി, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയവയെല്ലാം ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിന്റെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News