രാഹുലിനെ 4 ദിവസം ചോദ്യംചെയ്തത് 40 മണിക്കൂര്‍; ഇന്നും ചോദ്യംചെയ്യും
മറ്റന്നാൾ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് സോണിയാ ഗാന്ധിക്കും നോട്ടീസ് നൽകിയിട്ടുണ്ട്
ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും. ഇന്നലെ 13 മണിക്കൂറാണ് രാഹുലിനെ ചോദ്യംചെയ്തത്. നാല് ദിവസത്തിനിടെ 40 മണിക്കൂറിലധികം ചോദ്യംചെയ്തു. മറ്റന്നാൾ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് സോണിയാ ഗാന്ധിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യംചെയ്യാൻ വിളിപ്പിച്ചതോടെ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. എംപിമാരോടും എംഎൽഎമാരോടും ഡൽഹിയിൽ തുടരാൻ നേതൃത്വം നിർദേശിച്ചു. എഐസിസി കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ സമരം.
കോൺഗ്രസ് പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ എഐസിസി ആസ്ഥാനത്തിന്റെ ചുറ്റുവട്ടത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്‌ബർ റോഡ് ഉൾപ്പെടെ കോൺഗ്രസ് ആസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് ആസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ തമ്പടിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ മൊഴിയെടുക്കൽ ഇ.ഡി അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിൽ കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. മറ്റന്നാൾ ആണ് സോണിയാ ഗാന്ധിയുടെ മൊഴിയെടുക്കൽ.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പിസിസി അധ്യക്ഷന്മാരും പാർലമെന്‍ററി പാർട്ടി നേതാക്കളും ഇന്നലെ മടങ്ങിയെങ്കിലും എംപിമാർ ഡൽഹിയിൽ തുടരണമെന്നും വേണ്ടിവന്നാൽ എംപിമാരുടെ ഔദ്യോഗിക വസതികൾ കേന്ദ്രീകരിച്ചു സമരം ആരംഭിക്കണമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കോൺഗ്രസ് എംപിമാർക്കെതിരെ നടത്തിയ മർദന മുറകൾ ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. രാഷ്ട്രപതിയെ സന്ദർശിച്ച കോൺഗ്രസ് സംഘം പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസ്?
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ 2010ലാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ കമ്പനി ഏറ്റെടുക്കുന്നത്. 2000 കോടിയിലധികം രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ ഏറ്റെടുക്കാന്‍ യങ് ഇന്ത്യ ചെലവാക്കിയത് 50 ലക്ഷം രൂപ മാത്രമാണെന്നാണ് പരാതിയുടെ അടിസ്ഥാനം. എ.ജെ.എൽ യങ് ഇന്ത്യ ഏറ്റെടുത്തതിൽ അഴിമതിയും ക്രമക്കേടുമുണ്ടെന്നാരോപിച്ച് 2012ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഡല്‍ഹി കോടതിയില്‍ പരാതി നൽകിയത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മകൻ രാഹുൽ ഗാന്ധി, മോത്തിലാൽ വോറ, സാം പിത്രോദ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ എന്നിവർക്കെതിരെയാണ് കേസ് . വിശ്വാസ ലംഘനം, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കേസില്‍ സോണിയയും രാഹുലും ഉള്‍പ്പെടെ 2015ല്‍ ജാമ്യം നേടിയിരുന്നു.
സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയില്‍ പട്യാല ഹൗസ് കോടതിയില്‍ നിയമ നടപടി ആരംഭിച്ചപ്പോഴാണ് കേസിലെ കള്ളപ്പണം, നികുതി വെട്ടിപ്പ് തുടങ്ങിയ സാധ്യതകളിന്മേല്‍ ഇ.ഡിയും ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിക്കുന്നത്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്‍റെ ഓഹരികള്‍ ഏറ്റെടുത്തതിലൂടെ യങ് ഇന്ത്യ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിച്ച പ്രധാന കാര്യം. യങ് ഇന്ത്യ വഴി ഗാന്ധി കുടുംബം വ്യക്തിപരമായി സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കുന്നു. വർഷങ്ങളായി നടക്കുന്ന അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും രാഷ്ട്രീയ പകപോക്കലാണെന്നുമാണ് കോണ്‍ഗ്രസ് ആരോപണം.