'പ്രത്യേക കണക്കൊന്നുമില്ല': വന്ദേഭാരത് ലാഭത്തിലാണോയെന്ന ചോദ്യത്തിന് കിട്ടിയ മറുപടി

കഴിഞ്ഞ രണ്ട് വർഷത്തിൽ വന്ദേഭാരത് ട്രെയിനുകൾ എത്ര ലാഭം റെയിൽവേക്കുണ്ടാക്കി എന്നായിരുന്നു ആര്‍.ടി.ഐ പ്രകാരമുള്ള ചോദ്യം

Update: 2024-04-16 12:24 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളെ സംബന്ധിച്ച് പ്രത്യേക വരുമാനക്കണക്കൊന്നും സൂക്ഷിക്കുന്നില്ലെന്ന് റെയിൽവെ മന്ത്രാലയം. വന്ദേഭാരത് ട്രെയിനുകളുടെ വരുമാനം സംബന്ധിച്ച് വിവരാവകാശനിയമപ്രകാരം ചോദിച്ച ചോദ്യത്തിനാണ് റെയിൽവെ മന്ത്രാലയം ഇങ്ങനെ മറുപടി നൽകിയത്.

മധ്യപ്രദേശുകാരനായ ചന്ദ്രശേഖർ ഗൗറാണ് ചോദ്യം ഉന്നയിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിൽ വന്ദേഭാരത് ട്രെയിനുകൾ എത്ര ലാഭം റെയിൽവേക്കുണ്ടാക്കി എന്നായിരുന്നു അദ്ദേഹം തേടിയിരുന്നത്. ലാഭമാണോ അതോ നഷ്ടമാണോ സർവീസുകൾ കൊണ്ട് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

എന്നാൽ ഓരോ ട്രെയിനുകളെ സംബന്ധിച്ച ലാഭ-നഷ്ട കണക്ക് സൂക്ഷിക്കുന്നില്ലെന്നാണ് റെയിൽവെ മറുപടി നൽകിയത്. അതേസമയം വന്ദേഭാരതില്‍ സഞ്ചരിച്ച ആളുകളുടെ എണ്ണവും ദൂരവും റെയില്‍വേ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. 2019 ഫെബ്രുവരി 15ന് ന്യൂഡൽഹി വാരണാസി റൂട്ടിലാണ് ആദ്യമായി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇന്ന് നൂറ് റൂട്ടുകളിലായി 102 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് ഓടുന്നത്.

24 സംസ്ഥാനങ്ങളിലെ 284 ജില്ലകളിലൂടെ വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. അതേസമയം സർവീസ് ആരംഭിച്ചതിന് ശേഷം രണ്ട് കോടിയാളുകൾ ട്രെയിൻ ഉപയോഗപ്പെടുത്തിയതായി റെയിൽവെ വ്യക്തമാക്കിയിരുന്നു. വന്ദേഭാരത് ട്രെയിനുകൾ ചില റൂട്ടുകളിൽ ഉപകാരപ്രദമാണെന്നും എന്നാല്‍ മറ്റുചില റൂട്ടുകളില്‍ ആളില്ലാതെയാണ് സര്‍വീസ് നടത്തുന്നതെന്ന വിലയിരുത്തലുകളും ഉണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News