'രാജസ്ഥാനിൽ കോടികളുടെ ഭൂമി കുംഭകോണം'; ബി.ജെ.പി സർക്കാരിനെ വെട്ടിലാക്കി മന്ത്രിയുടെ ആരോപണം

രാജസ്ഥാനിലെ മുതിർന്ന ബി.ജെ.പി നേതാവും കൃഷി മന്ത്രിയുമായ കിരോഡി ലാൽ മീണ മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്ക് എഴുതിയ കത്തിലൂടെയാണ് അഴിമതി ആരോപണം നടത്തിയിരിക്കുന്നത്

Update: 2024-04-21 15:40 GMT
Editor : Shaheer | By : Web Desk
Advertising

ജയ്പൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിനിടെ രാജസ്ഥാനിൽ ബി.ജെ.പിയെ വെട്ടിലാക്കി സ്വന്തം മന്ത്രിയുടെ വെളിപ്പെടുത്തൽ. രാജസ്ഥാനിലെ മുതിർന്ന ബി.ജെ.പി നേതാവും കൃഷി മന്ത്രിയുമായ കിരോഡി ലാൽ മീണ ജലവകുപ്പിനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അഴിമതിക്കണക്കുകൾ നിരത്തി മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്ക് മന്ത്രി കത്തെഴുതിയതായി 'എന്‍.ഡി.ടി.വി രാജസ്ഥാന്‍' റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാൻ സർക്കാരിന്റെ ജലവിതരണ പദ്ധതിയായ ഈസ്റ്റേൺ കനാൽ പ്രോജക്ടിന്റെ(ഇ.ആർ.സി.പി) മറവിൽ വൻ ഭൂമികുംഭകോണം നടന്നതായാണ് കത്തിൽ ആരോപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി ചുളുവിലയ്ക്കു വിറ്റുതുലച്ചെന്ന് കിരോഡി ലാൽ മീണ പറയുന്നു. ആൽവാർ നഗരത്തിലെ പ്രധാന പാതയോരത്തെ ഭൂമിയുടെ വിൽപനയിലാണ് വൻ അഴിമതി നടന്നതായി പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഹോർട്ടികൾച്ചർ വകുപ്പിനു കീഴിലുള്ള ഭൂമി ജലവിതരണ വകുപ്പിന്റെ പേരിൽ കാണിച്ചാണു വിൽപന നടന്നത്. അതും 50 കോടി വിലമതിക്കുന്ന ഭൂമി വെറും ഒൻപത് കോടിക്കാണു വിറ്റത്. ഡൽഹി കേന്ദ്രമായുള്ള ഒരു കമ്പനിയുമായി ചേർന്നാണ് ഇ.ആർ.സി.പി ഭൂമി ഇടപാട് നടത്തിയത്. ആൽവാർ ജില്ലാ കലക്ടർ അറിയാതെയാണ് ഇടപാട് നടന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു

സർക്കാർ ഭൂമി അനധികൃതമായി വിൽപന നടത്തിയത് റദ്ദാക്കണമെന്ന് കിരോഡി ലാൽ മീണ കത്തിലൂടെ മുഖ്യമന്ത്രി ഭജൻലാലിനോട് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിക്കുന്ന ഘട്ടത്തിൽ സ്വന്തം സർക്കാരിനെതിരെ അഴിമതി ആരോപണവുമായി മന്ത്രി രംഗത്തെത്തിയത് ബി.ജെ.പിയെ ശരിക്കും തിരിച്ചടിയാകുമെന്നുറപ്പാണ്. ആകെ 25 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 12 ഇടത്ത് വോട്ടെടുപ്പ് പൂർത്തിയായിട്ടുണ്ട്. ബാക്കി 13 ഇടങ്ങളിലെ പ്രചാരണത്തിൽ പുതിയ ആരോപണം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പാണ്. കഴിഞ്ഞ തവണ 25ൽ 24ഉം ബി.ജെ.പി തൂത്തുവാരിയപ്പോൾ ഒരു സീറ്റിൽ രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടിയാണ് വിജയിച്ചത്. 2014ലെ വമ്പൻ തോൽവിക്കുശേഷം കോൺഗ്രസിന് സംസ്ഥാനത്ത് തിരിച്ചുവരാനായിട്ടില്ല.

Summary: Rajasthan agriculture minister and BJP leader Kirodi Lal Meena has written a letter to the Chief Minister Bhajan Lal Sharma alleging scam worth crores of rupees going on in selling lands in the name of ERCP

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News