രാജസ്ഥാന്‍ സര്‍വകലാശാല തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐക്ക് രണ്ടിടത്ത് അധ്യക്ഷ സ്ഥാനം, എന്‍.എസ്.യു ചിത്രത്തിലില്ല

അഞ്ചിടത്ത് സ്വതന്ത്രരും വിമതരുമാണ് അധ്യക്ഷ സ്ഥാനത്ത് വിജയിച്ചത്.

Update: 2022-08-31 09:52 GMT

രാജസ്ഥാനില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ രണ്ട് അധ്യക്ഷസ്ഥാനം സ്വന്തമാക്കി എസ്.എഫ്.ഐ. നിയമസഭാ തെരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനെ ആശങ്കയിലാക്കിയിരിക്കുകയാണ് വിദ്യാര്‍ഥികളുടെ വിധിയെഴുത്ത്. പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ നാഷനൽ സ്റ്റുഡന്റ് യൂനിയൻ ഓഫ് ഇന്ത്യയ്ക്ക് (എൻ.എസ്.യു.ഐ) 14 സർവകലാശാലകളിൽ ഒരിടത്തു പോലും ​അധ്യക്ഷ പദവിയിൽ ജയിക്കാനായില്ല. ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പി ഏഴു സർവകലാശാലകളിൽ അധ്യക്ഷ പദവിയിലെത്തി. അഞ്ചിടത്ത് സ്വതന്ത്രരാണ് അധ്യക്ഷ സ്ഥാനത്ത് വിജയിച്ചത്.

Advertising
Advertising

കോണ്‍‌ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് എന്‍.എസ്.യു.ഐ കനത്ത തിരിച്ചടി നേരിടാന്‍ കാരണമെന്തെന്ന ചോദ്യത്തിന് ഗെഹ്‌ലോട്ട്- സച്ചിന്‍ പൈലറ്റ് പോരാണ് കാരണമെന്ന് ഒരു വിഭാഗം വിദ്യാര്‍ഥി നേതാക്കള്‍ മറുപടി നല്‍കി. എന്നാല്‍ അശോക് ഗെഹ്‌ലോട്ട് സംസ്ഥാനത്തിന്റെ മുഴുവൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വിദ്യാർഥി യൂണിയന്‍ തെരഞ്ഞെടുപ്പിൽ താൽപ്പര്യം കാണിച്ചിരുന്നോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി വരുണ്‍ ചൌധരി പറഞ്ഞു. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ച, സ്ത്രീകള്‍ നേരിടുന്ന അരക്ഷിതത്വം, കുറ്റകൃത്യ നിരക്ക് തുടങ്ങിയ കാരണങ്ങളാല്‍ യുവാക്കൾ നിരാശരാണെന്ന് എതിരാളികള്‍ പറയുന്നു.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ തട്ടകമായ ജോധ്പൂരിലടക്കം എൻ.എസ്.യു.ഐക്ക് തിരിച്ചടിയേറ്റു. വിജയിച്ച രണ്ട് സ്ഥാനാർഥികൾ വിമത എൻ.എസ്‌.യു.ഐ നേതാക്കളായതിനാൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ ഈ ഫലം കാര്യമായി ബാധിക്കില്ലെന്ന് കോൺഗ്രസ് വക്താവ് സ്വർണിം ചതുർവേദി പ്രതികരിച്ചു. ജയ്പൂരിലെ രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയിലും ജോധ്പൂരിലെ ജയ് നരേൻ യൂണിവേഴ്‌സിറ്റിയിലും എ.ബി.വി.പിക്ക് സ്വാധീനം നഷ്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ യൂണിവേഴ്സിറ്റിയില്‍ എന്‍.എസ്.യു.ഐ വിമത സ്ഥാനാര്‍ഥി നിര്‍മല്‍‌ ചൌധരിയാണ് അധ്യക്ഷ സ്ഥാനത്തെത്തിയത്. സച്ചിന്‍ പൈലറ്റാണ് തന്‍റെ നേതാവെന്ന് ചൌധരി വിജയത്തിനു ശേഷം പ്രതികരിച്ചു.

ജോധ്പൂരിലെ ജയ് നരേൻ വ്യാസ് സർവകലാശാലയിലാണ് എസ്എഫ്‌ഐ സ്ഥാനാർഥി അരവിന്ദ് ഭാട്ടി വിജയിച്ചത്. എൻ.എസ്‌.യു.ഐ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഭാട്ടി എസ്.എഫ്‌.ഐ സ്ഥാനാർഥിയായി മത്സരിച്ചത്. ജാതി സമവാക്യങ്ങളാണ് ഈ അട്ടിമറിക്ക് പിന്നിലെന്ന് ജോധ്പൂർ യൂണിറ്റ് എൻ.എസ്.യു.ഐ ​പ്രസിഡന്റ് ദിനേഷ് പരിഹാർ പറഞ്ഞു. സിക്കറിലെ ദീന്‍ദയാല്‍ ഉപാധ്യായ ശെഖാവതി സര്‍വകലാശാലയിലും വന്‍ ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ വിജയിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News