'ഉമർ ഖാലിദിന് ജാമ്യമില്ല, ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാമിന് 15 തവണ പരോൾ'; ഇതാണ് ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെന്ന് രാജ്ദീപ് സർദേശായ്
വിചാരണ വൈകുന്നത് ജാമ്യം നൽകാനുള്ള മാനദണ്ഡമോ കാരണമോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചത്
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് സുപ്രിംകോടതി ജാമ്യം നിഷേധിച്ചതിൽ വിമർശനവുമായി മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ്. ബലാത്സംഗ, കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാമിന് വീണ്ടും പരോൾ അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് സർദേശായിയുടെ വിമർശനം.
''ഉമർ ഖാലിദിന് ജാമ്യമില്ലെന്ന് സുപ്രിംകോടതി. യുഎപിഎ നിയമപ്രകാരം വ്യക്തിസ്വാതന്ത്ര്യമില്ല. അഞ്ച് വർഷത്തിലേറെയായിട്ടും വിചാരണ പോലും തുടങ്ങിയിട്ടില്ല എന്ന വസ്തുത നിലനിൽക്കെയാണിത്. അതേസമയം, കൊലപാതകവും ബലാത്സംഗവും ചെയ്ത കുറ്റവാളി റാം റഹീമിന് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നു. ഇതിന് മുമ്പ് തന്നെ, 2017-ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം 14 തവണയാണ് ഈ വിഐപി കുറ്റവാളി ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഇതാണ് ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ''- രാജ്ദീപ് സർദേശായ് എക്‌സിൽ കുറിച്ചു.
Important: So NO BAIL to Umar Khaled says SC.. NO personal liberty under UAPA: this despite the fact that even the trial has not begun after more than 5 years. Meanwhile, rape and murder convict Ram Rahim has been given parole once again. Prior to his latest parole, VVIP convict…
— Rajdeep Sardesai (@sardesairajdeep) January 5, 2026
വിചാരണ വൈകുന്നത് ജാമ്യം നൽകാനുള്ള മാനദണ്ഡമോ കാരണമോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചത്. നടപടികളിലെ കാലതാമസം ഒരിക്കലും ജാമ്യത്തെ ന്യായീകരിക്കില്ല. ജാമ്യത്തിനായി എല്ലാ വ്യക്തികളെയും ഒരുപോലെ പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി അഞ്ജാരിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
മറ്റു പ്രതികളായ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ്, ഷിഫാഉറഹ്മാൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. അതേസമയം ഈ ഇളവ് ഇവർക്കെതിരായ ആരോപണങ്ങളെ ദുർബലപ്പെടുത്തുന്നില്ലെന്ന് കോടതി വ്യക്തമാക്കി. 12 വ്യവസ്ഥകൾക്ക് വിധേയമായാണ് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾ ലംഘിച്ചാൽ ഇനിയൊരു വാദത്തിന് അവസരം നൽകാതെ വിചാരണക്കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും കോടതി പറഞ്ഞു.
അതിനിടെയാണ് ബലാത്സംഗ-കൊലപാതക്കേസ് പ്രതിയും ദേരാ സച്ചാ സൗദാ തലവനുമായ വിവാദ ആൾദൈവം ഗുർമീത് റാമിന് വീണ്ടും പരോൾ അനുവദിച്ചത്. 40 ദിവസത്തെ പരോളാണ് ഗുർമീത് റാമിന് ലഭിച്ചിരിക്കുന്നത്. ദേര സച്ച സൗദ ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 20 വർഷം തടവും പത്രപ്രവർത്തകനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവും അനുഭവിച്ചുവരുന്ന ഗുർമീതിന് ശിക്ഷിക്കപ്പെട്ട ശേഷം ലഭിക്കുന്ന 15-ാം പരോളാണിത്.