അമിത്ഷായെ വിമർശിച്ച് ലേഖനം; ജോൺ ബ്രിട്ടാസ് എം.പിക്ക് രാജ്യസഭാ അധ്യക്ഷന്റെ നോട്ടീസ്

ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരം ആണെന്ന കേരളാ ബിജെപി നേതാവിന്റെ പരാതിയിലാണ് നോട്ടീസ്.

Update: 2023-04-29 13:58 GMT
Advertising

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എം.പിക്ക് രാജ്യസഭാ അധ്യക്ഷന്‍റെ നോട്ടീസ്. ഉപരാഷ്ട്രപതി കൂടിയായ ജഗദീപ് ധന്‍കറാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരം ആണെന്ന ബിജെപി നേതാവിന്റെ പരാതിയിലാണ് നോട്ടീസ്.

ബ്രിട്ടാസിന്റെ ലേഖനം സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിക്കുന്നതാണെന്നും രാജ്യദ്രോഹപരമായ പ്രവര്‍ത്തനത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കേരളാ ഘടകം ബിജെപി ജനറൽ സെക്രട്ടറി നേതാവ് പി. സുധീര്‍ ആണ് പരാതി നൽകിയത്. നോട്ടീസ് അയച്ച കാര്യം രാജ്യസഭാ സെക്രട്ടേറിയറ്റ് സ്ഥിരീകരിച്ചു.

ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. ജോൺ ബ്രിട്ടാസിനെ വിളിച്ച് വരുത്തിയാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കുന്നതിന് മുമ്പ് ലേഖനം സംബന്ധിച്ച ബ്രിട്ടാസിന്റെ വിശദീകരണം രാജ്യസഭാ അധ്യക്ഷൻ കേട്ടിരുന്നു.

ഫെബ്രുവരി 20ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ കുപ്രചരണത്തിന്റെ അപകടങ്ങൾ എന്ന തലക്കെട്ടിലുള്ള ലേഖനമാണ് പരാതിക്ക് ആധാരം. ഭാവിയിൽ ഇത്തരം ധ്രുവീകരണം സൃഷ്ടിക്കുന്ന ലേഖനങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയും മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യണമെന്നും പരാതിയില്‍ സുധീര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, എഴുത്തിലൂടെ ഉൾപ്പെടെ അഭിപ്രായം പ്രകടിപ്പിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പാക്കുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി പ്രതികരിച്ചു. ലേഖനത്തെ കുറിച്ച് രാജ്യസഭാ അധ്യക്ഷൻ ആരായുകയും അതിലുള്ള വിശദീകരണം താൻ നല്‍കുകയും ചെയ്തു. അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ കേരള മുഖ്യമന്ത്രി ഉള്‍പ്പടെ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരായ പരാതി അപലപിക്കപ്പെടേണ്ടതാണെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഇതിന് രാജ്യസഭാംഗങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകനായ ചെയർമാൻ ഉചിതമായ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളെക്കുറിച്ച് നല്ല അറിവുള്ള അധ്യക്ഷൻ തന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വിശദമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News