രാജ്യസഭാ തെരഞ്ഞെടുപ്പ്: ചട്ടലംഘനം ആരോപിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടിങിന്‍റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചില്ലെന്നാണ് പരാതി.

Update: 2022-06-10 14:56 GMT

ഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിക്കാൻ വൈകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി ലഭിക്കാത്തതാണ് കാരണം. ചട്ടലംഘനം ആരോപിച്ച് ബി.ജെ.പിയും കോൺഗ്രസും നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിഗണനയിലാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടിങിന്‍റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചില്ലെന്നാണ് പരാതി.

കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര , ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്. 16 സീറ്റുകളിലാണ് മത്സരം നടന്നത്. റിസോർട്ടുകളിൽ താമസിപ്പിച്ചിരുന്ന എം.എൽ.എമാർ വരിവരിയായി നിയമസഭകളിൽ എത്തി വോട്ട് ചെയ്തു. കർണാടകയിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നു ആവശ്യപ്പെട്ടു ജെ.ഡി.എസ് എം.എൽ.എമാർക്ക് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ കത്തെഴുതിയത് വിവാദമായി. കർണാടകയിൽ നാലു സീറ്റുകളിലേക്ക് ആറു സ്ഥാനാർഥികൾ മത്സരിച്ചു. ഭിന്നിച്ചു പോകുന്ന വോട്ട് ആരെ തുണയ്ക്കുമെന്നാണ് അറിയാനുള്ളത്. ഓരോ സ്ഥാനാർഥിക്കും ജയിക്കാൻ 41 വോട്ട് വേണമെന്നിരിക്കെ 32 വോട്ടുള്ള ജെ.ഡി.എസും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട് .

Advertising
Advertising

രാജസ്ഥാനിലും ഹരിയാനയിലും കോൺഗ്രസ് വിജയം ഉറപ്പിച്ചിരുന്ന സീറ്റിലാണ് ബി.ജെ.പി മാധ്യമ ഉടമകളായ സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നത്. ഹരിയാനയിൽ വിജയിക്കാനുള്ള വോട്ടായ 31 തന്നെയാണ് കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണവും. കോൺഗ്രസ് എം.എൽ.എ കുൽദീപ് ബിഷ്‌ണോയി കലാപകൊടി ഉയർത്തിയത് അജയ് മാക്കന്റെ വിജയം തുലാസിലാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ ആറാം സീറ്റിനു വേണ്ടി ബി.ജെ.പിയും ശിവസേനയും തമ്മിലാണ് മത്സരം. രാജ്യസഭയിൽ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് ജയിലിൽ കിടക്കുന്ന മന്ത്രി നവാബ് മാലിക് അപേക്ഷ നൽകിയെങ്കിലും ഹൈക്കോടതി ജാമ്യം നിരസിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News