യുപിയിൽ ബലാത്സംഗക്കേസ് പ്രതിയെ വെടിവെച്ച് കൊന്നു

സരൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സർധന-ബിനോലിയിലാണ് ഏറ്റുമുട്ടൽ നടന്നത്

Update: 2025-10-13 07:14 GMT

Photo| Special Arrangement

മീററ്റ്: ബലാത്സംഗം ഉൾപ്പെടെ ഏഴ് കേസുകളിലെ പ്രതിയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി യുപി പൊലീസ്. മുഹമ്മദ്പൂർ സാകിസ്റ്റ് ഗ്രാമത്തിലെ ഷഹ്‌സാദ് എന്ന നിക്കിയെയാണ് വധിച്ചത്.

സരൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സർധന-ബിനോലിയിലാണ് ഏറ്റുമുട്ടൽ നടന്നത്. തലയ്ക്ക് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഷഹ്‌സാദ്, ഒൻപത് മാസമായി ഒളിവിൽ കഴിയുകയായിരുന്നു. പതിവ് പരിശോധനയ്ക്കിടെ പോലീസിന് നേരെ പ്രതി വെടിയുതിർത്തതിനെ തുട‍ർന്ന് നടന്ന ഏറ്റുമുട്ടലിലാണ് മരണമെന്നാണ് പൊലീസ് വാദം. സ്വയം പ്രതിരോധത്തിനായി തിരിച്ചു വെടിയുതിർക്കുന്നതിനു മുമ്പ്തന്നെ പൊലീസുകാരന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിൽ വെടിയുണ്ട തുളച്ചുകയറിയതായും പറയുന്നു.

അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിലിലായിരുന്നു. മുമ്പ് മറ്റൊരു ലൈംഗികാതിക്രമ കേസിൽ ഇയാൾ ജയിലിലായിരുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും അവരുടെ വീടിന് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News