കൊൽക്കത്ത/ന്യൂഡൽഹി: ബംഗാളിൽ ഭരണം നഷ്ടമായതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പിലേക്ക്. തങ്ങൾക്ക് 20 ലോക്സഭാ എംപിമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് വിമത നേതാവും മുതിർന്ന എംപിയുമായ കക്കോലി ഘോഷ് ദസ്തിദാർ രംഗത്തെത്തി. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയെ പിന്തുണയ്ക്കുന്ന പ്രത്യേക പാർലമെന്ററി ഗ്രൂപ്പായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.
നിലവിലെ അംഗബലം നിലനിർത്താനായാൽ, കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം വിമതർക്ക് ലഭിക്കും. 1998-ൽ പാർട്ടി രൂപീകരിച്ചതിന് ശേഷം മമത ബാനർജി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി ഇരുവിഭാഗങ്ങളും തമ്മിൽ നിയമപോരാട്ടത്തിന് വരെ ഇത് വഴിവെച്ചേക്കാം. ''ഞങ്ങൾ ബിജെപിയിൽ ചേരില്ല, പകരം എൻഡിഎയെ പിന്തുണയ്ക്കും''- നാല് തവണ എംപിയായ കക്കോലി ഘോഷ് ദസ്തിദാർ വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 19 എംപിമാരുടെ ഒപ്പുകളടങ്ങിയ കത്ത് സ്പീക്കറുടെ ഓഫീസിൽ സമർപ്പിച്ചത്. ദിവസങ്ങളായി തുടരുന്ന രഹസ്യ ചർച്ചകൾക്കും ഫോൺ കോളുകൾക്കുമൊടുവിലാണ് ഈ നീക്കം. എന്നാൽ കത്ത് ലഭിച്ച കാര്യം സ്പീക്കറുടെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഡൽഹിയിലെ രാഷ്ട്രീയ നീക്കങ്ങൾ
കത്ത് നൽകിയതിന് പിന്നാലെ 14 വിമത എംപിമാർ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ ഡൽഹിയിലെ വസതിയിൽ ഉച്ചഭക്ഷണത്തിനായി ഒത്തുകൂടി. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഇവരുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം എംപി ശതാബ്ദി റോയിയുടെ വസതിയിലും സുവേന്ദു അധികാരി വിമതരുമായി ചർച്ച നടത്തി.
ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിന് ആകെ 28 എംപിമാരാണുള്ളത്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ കുറഞ്ഞത് 19 എംപിമാരുടെ പിന്തുണയെങ്കിലും വിമതർക്ക് വേണം. മുമ്പ് അജിത് പഞ്ജ (2001), സുവേന്ദു അധികാരി (2021) എന്നിവർ പാർട്ടി വിട്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയൊരു കൂട്ടക്കൊഴിഞ്ഞുപോക്ക് ആദ്യമാണ്.
ഡൽഹിയിൽ ബിജെപിക്കെതിരെ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യ മുന്നണിയുടെ യോഗത്തിൽ മമത ബാനർജി പങ്കെടുക്കുന്ന അതേ ദിവസം തന്നെയാണ് വിമതർ തങ്ങളുടെ നീക്കം പരസ്യമാക്കിയത്. തന്റെ പാർട്ടിയെ ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മമത യോഗത്തിൽ ആരോപിച്ചതായാണ് വിവരം.
പാർലമെന്റിലെ സമവാക്യങ്ങൾ മാറും
ഈ പിളർപ്പ് ലോക്സഭയിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചേക്കും. നിലവിൽ എൻഡിഎ മുന്നണിക്ക് 292 സീറ്റുകളുണ്ട്, ഇത് കേവലഭൂരിപക്ഷമായ 272-നേക്കാൾ കൂടുതലാണെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല. തൃണമൂലിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നതോടെ എൻഡിഎയുടെ അംഗബലം 300 കടക്കുകയും പ്രധാനപ്പെട്ട നിയമനിർമാണങ്ങൾ എളുപ്പമാകുകയും ചെയ്യും.
മമത ബാനർജിയും പാർട്ടി ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജിയും ഡൽഹിയിലുള്ളപ്പോഴാണ് വിമതർ നീക്കം ശക്തമാക്കിയത്. നിലവിൽ സുദീപ് ബന്ദേപാധ്യായ, സൗഗത റോയ്, കല്യാൺ ബാനർജി, മാലാ റോയ്, മഹുവ മൊയ്ത്ര, കീർത്തി ആസാദ്, സായോനി ഘോഷ്, അഭിഷേക് ബാനർജി ഉൾപ്പെടെ എട്ട് എംപിമാർ മാത്രമാണ് മമതയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നത്. ഇതിൽ രണ്ടുപേർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നിയമപോരാട്ടത്തിലേക്ക്
രണ്ടാഴ്ച മുമ്പ് കക്കോലി ഘോഷ് ദസ്തിദാറെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റി കല്യാൺ ബാനർജിയെ നിയമിച്ചിരുന്നു. എന്നാൽ പാർലമെന്റ് സമ്മേളനത്തിൽ അല്ലാത്തപ്പോഴാണ് തന്നെ മാറ്റിയതെന്നും അതിനാൽ താൻ തന്നെയാണ് ഇപ്പോഴും ചീഫ് വിപ്പെന്നുമാണ് കക്കോലിയുടെ വാദം. എന്നാൽ മമത അനുകൂലികൾ ഇത് തള്ളി. മെയ് 27-ന് പാർട്ടി പദവികളെല്ലാം രാജിവെച്ച കക്കോളിയുടെ പക്കൽ ആവശ്യത്തിന് എംപിമാരില്ലെന്ന് തൃണമൂൽ നേതാവ് കീർത്തി ആസാദ് ആരോപിച്ചു. 13 എംപിമാർ മാത്രമാണ് ബിജെപി നേതാക്കളെ കണ്ടത്, ബാക്കി 20 പേർ എവിടെ? എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ 18 പേർ നേരിട്ടും രണ്ടുപേർ ഓൺലൈനായും കത്തിൽ ഒപ്പിട്ടിട്ടുണ്ടെന്ന് വിമതർ തിരിച്ചടിച്ചു.
ചില മുസ്‌ലിം എംപിമാർക്ക് ബിജെപിയുമായി നേരിട്ട് സഹകരിക്കാൻ മടിക്കുന്നതായാണ് സൂചന. അടുത്ത തെരഞ്ഞെടുപ്പിലെ സീറ്റ് ഉറപ്പ്, സുരക്ഷ എന്നിവ സംബന്ധിച്ച് ഉറപ്പ് ലഭിച്ച ശേഷമേ ഇവർ അടുത്ത നീക്കം നടത്തൂ. ദേശീയ സുരക്ഷയും രാജ്യത്തിന്റെ പുരോഗതിയും മുൻനിർത്തിയാണ് എൻഡിഎയെ പിന്തുണയ്ക്കുന്നത്. സ്പീക്കറുടെ തീരുമാനം വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് കക്കോലി ഘോഷ് പറഞ്ഞു.
വിമത നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. വിമതരെ 'ദ്രോഹികൾ' എന്ന് വിശേഷിപ്പിച്ച മഹുവ മൊയ്ത്ര എംപി, അവർ രാജിവെച്ച് പുതിയ ജനവിധി തേടണമെന്ന് ആവശ്യപ്പെട്ടു. 2024-ൽ തൃണമൂൽ ടിക്കറ്റിലാണ് ഇവർ ജയിച്ചത്, അത് എൻഡിഎയ്ക്ക് വേണ്ടിയുള്ള ജനവിധിയല്ല. സ്വാർഥരായ ഈ ചതിയന്മാർക്ക് ബിജെപിയിൽ ചേരാം, പക്ഷേ രാജിവെച്ച് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് കാണിക്കൂ എന്നും മഹുവ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.